വിലങ്ങാട് ആനക്കുഴിയിലും വൻനാശം
text_fieldsനാദാപുരം: ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ കണക്കെടുപ്പും രക്ഷാപ്രവർത്തനവും ശക്തമായി നടക്കുമ്പോൾ മറ്റൊരു ദുരന്ത കേന്ദ്രമായ ആനക്കുഴിയിൽ ആരുമെത്തിയില്ലെന്ന് പ്രദേശത്തെ താമസക്കാർ. പാനോത്തിനും പുല്ലുവായ്ക്കും സമീപം കൊടുംകയറ്റവും ചെങ്കുത്തായ വഴികളും നിറഞ്ഞതാണ് പ്രദേശത്തിന്റെ ഭൂപ്രകൃതി.
മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് താമസക്കാരുടെ എണ്ണം കുറവാണെങ്കിലും കാർഷിക സമൃദ്ധമാണ് പ്രദേശം. റബർ, കവുങ്ങ്, തെങ്ങ്, കൊക്കോ, ജാതി, ഇടവിളകൾ എന്നിവയാണ് പ്രദേശത്തെ പ്രധാന കാർഷിക വിളകൾ. ഏക്കർകണക്കിന് കൃഷിഭൂമിയാണ് ഇവിടെ നശിച്ചത്. ഈ മലയിൽ മാത്രം നിരവധി ഉരുൾപൊട്ടലിന്റെ കുത്തിയൊലിച്ച പാതകൾ നേരിൽ കാണാം. ഉരുൾപൊട്ടൽ വൻ കൃഷി നാശമാണ് സ്ഥലത്ത് വരുത്തിയിരിക്കുന്നത്. രണ്ടും മൂന്നും ഉരുളുകൾ ഒന്നിച്ചുചേർന്നുള്ള വൻകുത്തിയൊലിപ്പാണ് പ്രദേശത്തെ ദുരന്തഭൂമിയാക്കിയത്. ഇത് പ്രദേശത്തിന്റെ നാശനഷ്ടങ്ങൾ വൻതോതിൽ വർധിപ്പിക്കുന്നതിനും കാരണമായി. പാനോം, ആനക്കുഴി ഉൾപ്പെടുന്ന മലയിൽ മാത്രം നാല് വീടുകൾ പൂർണമായും തകർന്ന നിലയിലാണ്. ഇതിൽ കരിയിൽ ബാബുവിന്റെ വീട് നിന്ന സ്ഥലം തിരിച്ചറിയാൻ പോലും കഴിയാതെ തേക്ക് മരങ്ങളും കരിങ്കൽ പാറകൾകൊണ്ടും മൂടിയ നിലയിലാണ്.
ജോൺസൻ കളത്തിങ്കലിന്റെ വീടും തകർന്നു. അർധ സഹോദരൻമാരായ പാലോലി ജയിൻ, സജി എന്നിവരുടെ വീട് മലവെള്ളപ്പാച്ചിൽ പൂർണമായും തകർന്നു. വീട്ടിന്റെ തറക്കുള്ളിലൂടെയും മുറ്റത്ത് കൂടെയും രണ്ട് വീട്ടിലും ഇപ്പോഴും വെള്ളം ഒഴുകുന്ന ദാരുണ കാഴ്ചയാണിവിടെ. സമീപത്ത് പുഴയുടെ ഗതി മാറി വൻ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. സമീപത്ത് തന്നെ തറപ്പേൽ അഭിലാഷിന്റെ വീടും ഉപയോഗശൂന്യമായ നിലയിലാണ്. വെള്ളം കയറി വീട് തീർത്തും ഉപയോഗശൂന്യമായി.
ഇവരെല്ലാം ബന്ധുവീട്ടിലും ദുരിതാശ്വാസ ക്യാമ്പിലും കഴിയുകയാണ്. തൊട്ടടുത്ത് താമസിക്കുന്ന തെക്കേൽ മാത്യു എന്ന കർഷകന്റെ ഏക്കർ കണക്കിന് വിവിധ കാർഷിക വിളകളും തൊടിയിലെ വിലപിടിപ്പുള്ള മരങ്ങളുമാണ് ഉരുൾ എടുത്തത്. വീടിന് പിൻവശം പുഴ അഗാധഗർത്തവും തീർത്താണ് ഒഴുകിപ്പോയത്. മലമുകളിൽ പ്രവർത്തിക്കുന്ന പന്തലായനി സോണിയുടെ പന്നിഫാം ഒലിച്ചു നൂറിലധികം പന്നികളെ കാണാതായി. ഒരു ക്വിൻറലിലധികം തൂക്കമുള്ളവയായിരുന്നു ഇവയിലേറെയെന്നും തൊഴിലാളികൾ പറയുന്നു. അവശേഷിക്കുന്ന 60 എണ്ണം റോഡുകൾ തകർന്നതിനാൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ കഴിയാതെ സംരക്ഷണ ഭീഷണിയിലും പട്ടിണിയിലുമാണ്. വാഴയിലകൾ വെട്ടിക്കൊടുത്താണ് ജീവൻ നിലനിർത്തുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. വഴിയിലെല്ലാം ചളിയും മണ്ണും കൂടിക്കിടക്കുന്നതിനാൽ ഫാമിനടുത്തേക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥിതിയാണ്. ലക്ഷങ്ങളുടെ നാശം നേരിട്ടതായി ഉടമ സോണി പറഞ്ഞു.
പാനോം വായാട് റോഡിലും കനത്ത നാശം
നാദാപുരം: പാനോം ഭാഗത്തുണ്ടായ ഉരുൾ ദുരത്തിൽ പുല്ലുവായ്ക്ക് സമീപം കനത്ത നാശമാണ് വിതച്ചത്. വായാട് കോളനിയിലേക്കുള്ള പാലം പൂർണമായും തകർന്നതിനൊപ്പം മൈനർ ഇറിഗേഷൻ പ്രോജക്ടിന്റെ കനാലിൽ ഇരുളൻ പാറകൾ അടിഞ്ഞു ജലസംഭരണ ശേഷി പൂർണമായും നഷ്ടമായി.
കനാലിന്റെ സംരക്ഷണഭിത്തി തകരുകയും ചെയ്തിട്ടുണ്ട്. വായാട് കോളനിയിലേക്കുള്ള പമ്പിങ് സ്റ്റേഷൻ ഉരുൾ വെള്ളത്തിൽ തകർന്നു. പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇവിടെ നീലംതോട്, പുല്ലുവാ തോട് എന്നീ രണ്ടു പുഴകളാണ് കൂടിച്ചേരുന്നത്. വനത്തിലെ ഉരുൾപൊട്ടൽ പുഴയിലെ വെള്ളം ക്രമാതീതമായി ഉയർത്തിയതാണ് പാലങ്ങൾ തകരാൻ ഇടയാക്കിയത്. സമീപത്തെ പാലത്തിങ്കൽ ഗീതയുടെ വീടിനും കൃഷിയിടത്തിനും നാശം സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.