വിലങ്ങാട് ക്വാറി സമരം: ആദിവാസി വയോധികയടക്കം സമരക്കാരെ മർദിച്ചതായി പരാതി
text_fieldsനാദാപുരം: നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന വിലങ്ങാട് മലയങ്ങാട് ക്വാറി പ്രവർത്തനത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ 80 വയസ്സുള്ള ആദിവാസി വയോധികയടക്കം സമരസമിതി പ്രവർത്തകരെ പൊലീസ് മർദിച്ചതായി പരാതി. പരിക്കേറ്റ ഒമ്പതുപേരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദനത്തിൽ കമ്പിളിപ്പാറ ആദിവാസി കോളനിയിലെ കുംഭ (80), ജാനു (75) സജീന (27) അജിത(45), അനിത (48), സുശീല (48), സുജാത (48), ജിതിൻ രാജ് (27), നിധീഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ പതിനൊന്നോടെയാണ് സംഭവം. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറി പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളടക്കം ഇരുപതോളം പേർ ക്വാറിക്കുള്ളിൽ പ്രതിഷേധിക്കുകയായിരുന്നു.
ഇതിനിടയിൽ സ്ഥലത്തെത്തിയ വളയം സി.ഐ ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മർദിച്ചെന്നാണ് സമരക്കാർ പറയുന്നത്. അറസ്റ്റ് ചെയ്ത് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ വഴിക്ക് വെച്ചും മർദിച്ചതായി സമരക്കാർ പറഞ്ഞു. ആദിവാസി സമൂഹത്തിൽപെട്ട ഇവരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ക്വാറി പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് വാണിമേൽ പഞ്ചായത്ത് ഓഫിസിന്റെ മുന്നിൽ സമരസമിതി പ്രതിഷേധ ധർണ നടത്തിയിരുന്നു.
സമരത്തെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കുമെന്ന് സമരസമിതിക്ക് പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകിയിരുന്നതായി സമരസമിതി കൺവീനർ രാജൻ കമ്പിളിപ്പാറ പറഞ്ഞു. എന്നാൽ ഇത് ലംഘിച്ച് ക്വാറിയിൽ പ്രവർത്തനം നടത്തിയതോടെയാണ് ഇന്നലെ വീണ്ടും സമരം ആരംഭിച്ചത്. ക്വാറിയുടെ പ്രവർത്തനം തടഞ്ഞെന്ന കേസിൽ നാല് സ്ത്രീകളടക്കം ഒമ്പതുപേരെ പൊലീസ് ക്വാറിയിൽനിന്ന് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് സ്റ്റേഷനിൽ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
ക്വാറി പ്രവർത്തിക്കുന്നത് ദുരന്തബാധിത പ്രദേശത്ത്
നാദാപുരം: 2018ൽ ഉരുൾപൊട്ടലിൽ നാലുപേർ മരിക്കുകയും നിരവധി വീടുകൾ തകരുകയുംചെയ്ത വിലങ്ങാട് ആലി മൂലയുടെ സമീപത്താണ് ക്വാറി പ്രവർത്തനം. റവന്യൂ വകുപ്പ് അതീവ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശമായി പ്രഖ്യാപിക്കുകയും ഈ മലയെ ഓറഞ്ച് കാറ്റഗറിയിൽപെടുത്തുകയും ചെയ്തിട്ടുെണ്ടന്ന് പഞ്ചായത്ത് രേഖകളിൽ വ്യക്തമാണ്.
ഉരുൾപൊട്ടലിനെ തുടർന്ന് 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച ആലിമൂലയുടെ തൊട്ടടുത്ത ദേശമായ മലയങ്ങാടാണ് ക്വാറി പ്രവർത്തിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ക്വാറി പ്രവർത്തനം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ക്വാറിയിൽ വീണ്ടും കഴിഞ്ഞാഴ്ച പ്രവർത്തനം തുടങ്ങിയത്. പ്രതിഷേധത്തെ തുടർന്ന് ക്വാറി പ്രവർത്തനം നിർത്തിവെക്കാൻ ഇന്നലെ ഗ്രാമപഞ്ചായത്ത് വീണ്ടും നോട്ടീസ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.