വിലങ്ങാട് ആദിവാസി കോളനി വികസനം എങ്ങുമെത്തിയില്ല; പൊട്ടിത്തെറിച്ച് കലക്ടർ
text_fieldsനാദാപുരം: വിലങ്ങാട് ആദിവാസി കോളനികളിലെ ഏഴര കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. അവലോകന യോഗത്തിൽ പൊട്ടിത്തെറിച്ച് കലക്ടർ. പന്നിയേരി, കുറ്റല്ലൂർ, മാടാഞ്ചേരി, വായാട് കോളനികളുടെ വികസനത്തിന് അനുവദിച്ച തുകയിൽനിന്ന് ഒരുകോടി രൂപ കരാറുകാർ കൈപ്പറ്റിയെങ്കിലും പ്രവൃത്തികൾ പലതും തുടങ്ങുകപോലും ഉണ്ടായില്ല. പന്നിയേരി ആദിവാസി കോളനിയിലേക്ക് നാലര കിലോമീറ്റർ റോഡ് നിർമിക്കാൻ മണ്ണ് നീക്കിയെങ്കിലും പ്രവൃത്തി നടന്നില്ല.
10 വീടുകളുടെ നവീകരണ പ്രവൃത്തിയും കടലാസിലൊതുങ്ങി. കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ടെങ്കിലും വെള്ളം ലഭിച്ചില്ല. ചെക്ക്ഡാം, കൾചറൽ സെൻറർ, നടപ്പാത, ടെയ്ലറിങ് യൂനിറ്റ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവയും പദ്ധതിയിലുണ്ടെങ്കിലും ഒന്നും നടക്കാതെ പോയതോടെ പ്രതിഷേധം ശക്തമായി.
ഇതോടെ ശനിയാഴ്ച രാവിലെ 11.30ഓടെ കലക്ടറും ഇ.കെ. വിജയൻ എം.എൽ.എയും സ്ഥലത്ത് എത്തി നാട്ടുകാരുടെയും ഉദ്യേഗസ്ഥരുടെയും യോഗം വിളിച്ചുചേർത്ത് ചർച്ച തുടങ്ങിയതോടെയാണ് കലക്ടർ ക്ഷുഭിതനായത്. കരാറുകാർക്ക് നൽകേണ്ട 40 ലക്ഷം എഫ്.ഐ.ടി നൽകാത്തതാണ് പണി നിലക്കാൻ ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയതോടെ എഫ്.ഐ.ടി ഉദ്യോഗസ്ഥരോട് രാജിവെച്ച് പോകാനും വിശദ റിപ്പോർട്ട് തന്നില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും കലക്ടർ പറഞ്ഞു.
എഫ്.ഐ.ടി എറണാകുളത്തെ ഡയറക്ടറെ ഫോണിൽ വിളിച്ച് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. നൽകിയ തുക കൊണ്ട് പ്രവൃത്തി നടത്താത്ത കരാറുകാരനെതിരെ, സമയബന്ധിതമായി പണി തീർത്തില്ലെങ്കിൽ കരിമ്പട്ടികയിൽപെടുത്തി ക്രിമിനൽ കേസ് എടുക്കുമെന്നും കലക്ടർ പറഞ്ഞു.
എഫ്.ഐ.ടി ഉദ്യോഗസ്ഥരിൽനിന്നും കരാറുകാരിൽനിന്നും വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി കലക്ടർ രേഖാമൂലം എഴുതി ഒപ്പിട്ടുവാങ്ങി. ഒന്നാംഘട്ട പ്രവൃത്തി അടുത്തയാഴ്ച തുടങ്ങി െഫബ്രുവരിയോടെ അവസാനിപ്പിക്കുമെന്ന് കരാറുകാർ ഉറപ്പുനൽകി. പ്രവൃത്തിയുടെ ഓരോ ഘട്ടവും വാട്സ്ആപ് വഴി കലക്ടറെ അറിക്കും. െഫബ്രുവരിയിൽ കലക്ടർ നേരിട്ടെത്തി പ്രവൃത്തി വിലയിരുത്തും.
ട്രൈബൽ വകുപ്പിനും വീഴ്ച പറ്റിയതായി കലക്ടർ ചൂണ്ടിക്കാട്ടി. ഇ.കെ. വിജയൻ എം.എൽ.എ, ബ്ലോക്ക് പ്രസിഡൻറ് കെ.പി. വനജ, വാണിമേൽ പഞ്ചായത്ത് പ്രസിഡൻറ് പി. സുരയ്യ ടീച്ചർ, ബ്ലോക്ക് മെംബർ എ.കെ. ഇന്ദിര, ജാൻസി, ജില്ല ട്രൈബൽ ഓഫിസർ സെയ്ത് നയീം തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.