വിഷ്ണുമംഗലം ബണ്ട്; ഉറപ്പുകൾ ലംഘിച്ചതായി നാട്ടുകാർ
text_fieldsനാദാപുരം: വിഷ്ണുമംഗലം പുഴക്ക് കുറുകെ നിർമിച്ച അശാസ്ത്രീയ ബണ്ട് കാരണം പൊറുതിമുട്ടിയ നാട്ടുകാരെ ഉറപ്പുകൾ നൽകി ജില്ല ഭരണകൂടം വഞ്ചിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. ബണ്ട് പരിസരത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം പത്തിന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബണ്ടിന് ഷട്ടറിടാൻ വന്ന വാട്ടർ അതോറിറ്റി ജീവനക്കാരെ തടയുകയും ഉപരോധസമരം നടത്തുകയുമായിരുന്നു. അന്ന് അർധരാത്രിവരെ നീണ്ട നാട്ടുകാരുടെ ഉപരോധം ആർ.ഡി.ഒ മുന്നോട്ടുെവച്ച ഉറപ്പുകളിലാണ് അവസാനിപ്പിച്ചത്.
ഉറപ്പുകൾ ഒന്നുപോലും പാലിക്കാൻ അധികൃതർ തയാറായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഏപ്രിൽ 10ന് നാട്ടുകാരുടെ യോഗം വിളിച്ചുചേർത്ത് പ്രവർത്തന പദ്ധതികൾ നടപ്പാക്കും എന്നായിരുന്നു യോഗത്തിലെ പ്രധാന തീരുമാനം.
വേനൽ കടുത്തതോടെ പുഴ വരണ്ടുണങ്ങാൻ തുടങ്ങി. കിണറുകളിലെ ഉറവകൾ പുഴയിലെ ചളികാരണം അടഞ്ഞതിനാൽ ഇരുകരകളിലെയും താമസക്കാർ കുടിവെള്ള ക്ഷാമത്തിലാണ്.
പുഴയിൽനിന്ന് 24 മണിക്കൂറും വെള്ളമൂറ്റുന്നത് തടയണമെന്ന പ്രാദേശിക വികാരവും ശക്തിയാവുകയാണ്.
സമരസമിതിയും നാട്ടുകാരും പുതിയ സമരമുഖം തുറക്കാൻ തയാറെടുക്കുന്ന സാഹചര്യത്തിൽ ജല അതോറിറ്റിയും നാട്ടുകാരും തമ്മിലുള്ള സംഘർഷസാധ്യത വർധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.