ആന, കാട്ടുപന്നി എന്നിവക്കൊപ്പം കടന്നലുകളും മലയോരവാസികളുടെ സ്വസ്ഥത കെടുത്തുന്നു
text_fieldsനാദാപുരം: ആന, കാട്ടുപന്നി എന്നിവയുടെ ശല്യം കാരണം കാർഷിക മേഖലയിൽ ഭീഷണി നേരിടുന്ന മലയോരത്ത് കടന്നൽ കൂട്ടങ്ങളും ജീവന് ഭീഷണിയാകുന്നു. വനങ്ങളോട് ചേർന്ന കൃഷിഭൂമിയിലാണ് കടന്നൽ കൂട്ടങ്ങൾ ഭീതി വിതക്കുന്നത്. ബുധനാഴ്ച സുദേവൻ എന്ന തൊഴിലാളി കുത്തേറ്റു മരിച്ചെങ്കിലും ഇതിന് മുമ്പും കൃഷിയിടങ്ങളിൽവെച്ച് നിരവധിപേർ ഭാഗ്യംകൊണ്ടു രക്ഷപ്പെടുകയായിരുന്നു. മാരക പാർശ്വഫലങ്ങൾക്കിടയാക്കുന്നതും വിഷാംശങ്ങൾ സ്രവിപ്പിക്കുന്നതുമായ വലിയ ഈച്ചകളാണ് പൊതുവെ വനപ്രദേശങ്ങളിൽ കാണപ്പെടുന്നത്. ശത്രുവിന്റെ പിന്നാലെ കിലോമീറ്ററോളം പറന്നു കൂട്ടമായി ആക്രമിക്കാനുള്ള കഴിവുള്ളതിനാൽ
കുത്തേറ്റാൽ രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണെന്ന് നാട്ടുകാർ പറഞ്ഞു. കൃഷിഭൂമിയും ആൾപെരുമാറ്റമുള്ള ഇടങ്ങളും തമ്മിൽ കിലോമീറ്റർ അകലമുള്ളതിനാൽ ആക്രമണത്തിന് വിധേയരാകുന്ന വർക്ക് പ്രാഥമിക ചികിത്സക്ക് പുറത്തേക്ക് എത്താനും വളരെ പ്രയാസമാണ്. വനത്തിനുള്ളിൽ മരച്ചില്ലകളിലും മറ്റും വല കെട്ടി താമസിക്കുന്ന ഇവ പരുന്തിന്റെയും മറ്റു പക്ഷികളുടെയും ആക്രമണത്തിന് വിധേയമാകുമ്പോഴാണ് ആക്രമണം നടത്തുന്നതെന്നാണ് നാട്ടുകാരുടെ അനുമാനം.
തേനീച്ചകൾ കുത്തുമ്പോൾ കൊമ്പ് (Sting) ഒടിഞ്ഞ് ശരീരത്തിൽ കയറുന്നു. കൊമ്പിനോടൊപ്പം വിഷസഞ്ചിയും വയറിന്റെ കുറച്ചു ഭാഗവും ഉണ്ടാവും. ഇവ നഷ്ടപ്പെടുന്നതിനാൽ കുത്തിയ ശേഷം തേനീച്ചകൾ ജീവിച്ചിരിക്കില്ല. കൊമ്പിൽ എതിർദിശയിലേക്ക് കാണപ്പെടുന്ന ചെറിയ മുള്ളുകളും ഉണ്ട്. ഇവയുടെ സാന്നിധ്യമുള്ളതിനാൽ വലിച്ചൂരിയെടുക്കാൻ ശ്രമിച്ചാൽ കൂടുതൽ വേദനയെടുക്കുകയും കൂടുതൽ മുറുകുകയും ചെയ്യും. എന്നാൽ, ഇത്തരം മുള്ളുകൾ ഇല്ലാത്തതിനാൽ കടന്നലുകൾക്ക് നിരവധി തവണ ഒരാളെ തന്നെ കുത്താൻ സാധിക്കും. സ്ഥലത്ത് അഞ്ചു പേർക്കാണ് രണ്ടു ദിവസത്തിനുള്ളിൽ കുത്തേറ്റത്. ഇതിൽ സാരമായി പരിക്കേറ്റ ഒരാൾ മെഡിക്കൽ കോളജിൽ ചികിത്സ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.