കണ്ണിൽച്ചോരയില്ലാത്ത ക്രൂരതക്കെതിരെ നാടൊരുമിച്ചു; കത്തിച്ച സ്കൂട്ടറിന് പകരം വാങ്ങിനൽകും
text_fieldsനാദാപുരം: അർബുദബാധയെ തുടർന്ന് ഒരു കാൽ മുറിച്ചുമാറ്റേണ്ടിവന്നിട്ടും ഇച്ഛാശക്തിയോടെ തൊഴിലിടത്തിലും സാമൂഹികപ്രവർത്തനത്തിലും നിറഞ്ഞുനിന്ന യുവാവിന് നേരെ സാമൂഹിക വിരുദ്ധർ നടത്തിയ ക്രൂരതക്കെതിരെ നാടൊരുമിച്ചു. ഭിന്നശേഷിക്കാരനും സാമൂഹിക പ്രവർത്തകനുമായ ആശാരിക്കണ്ടി അജിത്തിെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ വ്യാഴാഴ്ച പുലർച്ചെ അജ്ഞാതർ തീവെച്ചുനശിപ്പിച്ചിരുന്നു. സംഭവത്തെ തുടർന്ന് വിളിച്ചുകൂട്ടിയ സമാധാനയോഗത്തിൽ പകരം സ്കൂട്ടർ വാങ്ങിനൽകാൻ തീരുമാനിച്ചു. ഏക ആശ്രയമായ സ്കൂട്ടർ കത്തിച്ചതിനെതിരെ ക്രിയാത്മകമായി പ്രതിഷേധിക്കുക കൂടിയാണ് നാട്ടുകാർ.
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് നടന്ന ഈ ഹീനകൃത്യത്തിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായാണ് രംഗത്തുവന്നത്. വാർഡ് മെംബർ സുമയ്യ പാട്ടത്തിൽ ചെയർമാനും ആർ.കെ. പ്രവീൺ കൺവീനറുമായി രൂപവത്കരിച്ച കമ്മിറ്റിയാണ് പ്രവർത്തനം നടത്തുന്നത്. ഇ.കെ. വിജയൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി, രാഷ്ട്രീയ– സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പിന്തുണയുമായി രംഗത്തുവന്നു.
നേരത്തേ അജിത്തിന് കൃതിമക്കാല് പിടിപ്പിക്കാനുള്ള സഹായപ്രവർത്തനം കുമ്മങ്കോട്ട് കൂട്ടായ്മ എന്ന വാട്സ് ആപ് ഗ്രൂപ്പിെൻറ നേതൃത്വത്തിൽ നടന്നുവരുകയായിരുന്നു. ആറു ലക്ഷം രൂപയാണ് ഇതിനായി പ്രവർത്തകർ ലക്ഷ്യമിട്ടിരിക്കുന്നത്. എറണാകുളം കേന്ദ്രമായ മെഡിക്കൽ എയ്ഡ് സെൻററിൽ ഉപകരണത്തിനുള്ള ഓർഡറും മറ്റു പരിശോധനകളും നടത്തി കാത്തിരിക്കുന്നതിനിടെയാണ് സാമൂഹികവിരുദ്ധർ സ്കൂട്ടർ കത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.