ആദിവാസികൾക്ക് ഭൂമി വിട്ടുനൽകിയിട്ട് വർഷങ്ങൾ, പണം ലഭ്യമാകാതെ ഭൂവുടമകൾ
text_fieldsനാദാപുരം: ആദിവാസികളുടെ പുനരധിവാസത്തിനായി ഭൂമി വിട്ടുനൽകിയ ഭൂവുടമകൾക്ക് ഇനിയും പണം ലഭ്യമായില്ല. വിലങ്ങാട് മലയോരത്തെ ഉരുൾ പൊട്ടൽ ഭീഷണിയിൽ കഴിയുന്ന 65 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർക്കാൻ റവന്യൂ വകുപ്പിന് ഭൂമി വിട്ടുനൽകിയ കർഷകരാണ് ഭൂമിയുടെ വില ലഭിക്കാതെ രണ്ടു വർഷമായി ഓഫിസുകൾ കയറിയിറങ്ങുന്നത്. പുനരധിവാസ പാക്കേജിനായി ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഉരുട്ടിയിലുള്ള ഏഴു പേരുടെ കൈവശമുള്ള പന്ത്രണ്ട് ഏക്കറാണ് കണ്ടെത്തിയത്.
2019ലെ ഉരുൾ പൊട്ടലിൽ കോളനി പ്രദേശത്ത് കനത്ത നാശം സംഭവിച്ചതോടെയാണ് പുനരധിവാസം എന്ന ആവശ്യം ശക്തമായത്. ഭൂമി അളന്ന് തരംതിരിച്ച് 15 സെന്റ് മുതൽ 26 സെന്റ് വരെ ഓരോ കുടുംബത്തിനും അതിർത്തി നിശ്ചയിച്ച് വാക്കാൽ നൽകിയിട്ടുണ്ട്. ലഭിക്കേണ്ട വസ്തുവില സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയാണെന്ന് ഉടമകൾ പറയുന്നു. നാമമാത്ര കർഷകരാണ് ഭൂമി വിട്ടുനൽകിയവർ.
സ്വന്തം ഭൂമിയിലെ അവകാശങ്ങൾ മുഴുവൻ നഷ്ടമായ ഇവർക്ക് ഭൂമിയിൽ പ്രവേശിക്കാനോ ആദായമെടുക്കാനോ കഴിയുന്നില്ല. കാർഷിക ഭൂമിയിൽനിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവരിൽ പലരും ജീവിതം നയിച്ചിരുന്നത്. നിലവിൽ ഭൂമിയും വരുമാനവും നഷ്ടപ്പെട്ട നിലയിലാണിവരിൽ മിക്കവരും.
കാലവർഷം പടിക്കലെത്തിയിട്ടും പുനരധിവാസം എങ്ങുമെത്തിയില്ല
നാദാപുരം: കാലവർഷം പടിക്കലെത്തിയിട്ടും 2019 ആഗസ്റ്റ് മാസത്തിലെ ഉരുൾപൊട്ടലിനെ തുടർന്ന് വൻ ദുരന്തം നേരിട്ട വിലങ്ങാട്ടെ ആദിവാസികളുടെ പുനരധിവാസം അനന്തമായി നീളുന്നു. ഉരുൾപൊട്ടലിൽ അടുപ്പിൽ പണിയ കോളനിക്ക് സമീപം ആലി മൂലയിൽ താമസിച്ചിരുന്ന നാലു പേർക്കു ജീവൻ നഷ്ടപ്പെടുകയും കോളനിയിലെ നാലോളം വീടുകൾ തകരുകയും ചെയ്തിരുന്നു.
ഇതേ തുടർന്നാണ് ഉരുൾപൊട്ടൽ ഭീഷണിയിയിൽ കഴിയുന്ന 65 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ റവന്യൂ വകുപ്പ് സമഗ്ര പദ്ധതി തയാറാക്കിയത്. എന്നാൽ, തൊട്ടടുത്തുതന്നെ സ്വകാര്യ വ്യക്തികളിൽനിന്ന് ഭൂമി കണ്ടെത്തിയതല്ലാതെ മൂന്നു വർഷമായിട്ടും ഇവരെ മാറ്റിപ്പാർപ്പിക്കാൻ നടപടിയായിട്ടില്ല.
തകരാൻ പാകത്തിൽ കിടക്കുന്ന വീടുകളിൽ വരുന്ന കാലവർഷത്തെയും ഭീതിയോടെ ഈ കുടുംബങ്ങൾ ഉറ്റുനോക്കുകയാണ്. ഒരു കുടുംബത്തിന് പത്തു ലക്ഷം രൂപയാണ് വീടുനിർമാണത്തിനും സ്ഥലത്തിനും കണക്കാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.