മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ
text_fieldsനാദാപുരം: വടകരയിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി യുവാവ് കല്ലാച്ചി ടൗണിൽ പിടിയിലായി. വാണിമേൽ കൊടിയൂറയിലെ ഒടുക്കൻറവിട സുഹൈലിനെയാണ് (23) നാട്ടുകാർ പിടികൂടി നാദാപുരം പൊലീസിന് കൈമാറിയത്. ബുധനാഴ്ച രണ്ടരയോടെ കല്ലാച്ചി മത്സ്യ മാർക്കറ്റിന് സമീപമാണ് സംഭവം.
കല്ലാച്ചി സ്വദേശിയും കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറുമായ ഇല്ലത്ത് പ്രവീൺ ഒരാഴ്ച മുമ്പ് ജോലിക്ക് പോകുമ്പോൾ ബൈക്ക് വടകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർത്തിയിട്ടതായിരുന്നു. ബുധനാഴ്ച ഉച്ചക്ക് പ്രവീണിന്റെ അനുജൻ പ്രേംരാജ് ടൗണിലെത്തിയപ്പോഴാണ് ബൈക്ക് റോഡരികിൽ നിർത്തിയിട്ടത് ശ്രദ്ധയിൽപെടുന്നത്. ഉടൻ പ്രേംരാജ് സഹോദരനെ വിളിച്ച് അന്വേഷിച്ചപ്പോൾ ബൈക്ക് വടകരയിൽ നിർത്തിയിട്ടതാണെന്ന മറുപടിയാണ് ലഭിച്ചത്.
പിന്നീട് പ്രേംരാജും സുഹൃത്തുക്കളും ചേർന്ന് ബൈക്ക് ഓടിച്ചയാളെ കണ്ടെത്താനായി കാത്തിരുന്നു. അൽപസമയത്തിനുള്ളിൽ ബൈക്ക് എടുക്കാനായി സുഹൈൽ എത്തിയപ്പോൾ നാട്ടുകാർ തടഞ്ഞുവെച്ച് നാദാപുരം പൊലീസിന് കൈമാറുകയായിരുന്നു. ഉടമസ്ഥന് പരാതിയില്ലാത്തതിനാൽ ബൈക്ക് വിട്ടുനൽകി പ്രതിയെ കേസിൽനിന്ന് ഒഴിവാക്കി.
അതേസമയം, കക്കംവെള്ളിയിലെ വീട്ടിൽനിന്ന് വാച്ചും പണവും കവർന്ന കേസിൽ സുഹൈലിനെ അറസ്റ്റ് ചെയ്തു. സുഹൈൽ വിവിധ പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിൽ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.