കളരിയെ നെഞ്ചിലേറ്റിയ അലവി ഗുരുക്കൾ ഓർമയായി
text_fieldsനടുവണ്ണൂർ: ആയോധനകലക്ക് സംഭാവനകൾ നൽകിയ നാടിന്റെ കളരി ഗുരുക്കൾ യാത്രയായി. നാടിന്റെ വിവിധ ഭാഗങ്ങളിൽ കളരി അഭ്യാസത്തിന് ആദ്യപാഠങ്ങൾ പറഞ്ഞുകൊടുക്കുകയും നിരവധി പേരെ ആയോധനകലയുടെ മർമമറിയാവുന്ന പ്രഗല്ഭരാക്കി മാറ്റിത്തീർക്കുകയും ചെയ്ത അലവി ഗുരുക്കളാണ് അന്തരിച്ചത്.
കൊയിലാണ്ടി കുറുവങ്ങാട് അൽ മുബാറക് കളരി സംഘത്തിലെ പ്രധാന ഗുരുക്കളായിരുന്നു ഇദ്ദേഹം. കേരളത്തിലെ പഴക്കംചെന്ന കളരികളിൽ ഒന്നാണ് അൽ മുബാറക് കളരി സംഘം. അലവി ഗുരുക്കളുടെ നേതൃത്വത്തിൽ നടുവണ്ണൂർ കീക്കോട്ട് കടവിൽ ആദ്യകാലത്ത് കളരി സംഘം സ്ഥാപിച്ചിരുന്നു. കീക്കോട്ട് കടവിലെ മഠത്തിൽ പറമ്പിലായിരുന്നു ഈ കളരി. അന്ന് നിരവധി പേരാണ് ഇവിടെ കളരി അഭ്യസിക്കാൻ എത്തിയിരുന്നത്. ആയോധനകലയുടെ മർമമറിയാവുന്ന ചുരുക്കം ഗുരുക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇപ്പോൾ അൽ മുബാറക് കളരി സംഘത്തിന് നേതൃത്വം നൽകുന്ന അബ്ബാസ്, ഹമീദ് എന്നിവരുടെ ഗുരുക്കൾകൂടിയാണ് അലവി. ഗുരുക്കൾ നേതൃത്വം കൊടുക്കുന്ന കളരിയിൽ കോൽക്കളി, പരിച, ഉറുമി തുടങ്ങി ആയോധനകലയുടെ ഒട്ടുമിക്ക അഭ്യാസപ്രകടനങ്ങളും പരിശീലിപ്പിച്ചിരുന്നു.
കൊയിലാണ്ടിയിലും സമീപപ്രദേശങ്ങളിലെ ഉത്സവങ്ങളിലും വിവാഹവീടുകളിലും ഗൃഹപ്രവേശന വീടുകളിലും രാഷ്ട്രീയപാർട്ടികളുടെ വിവിധ പരിപാടികളിലും എല്ലാം അലവി ഗുരുക്കളുടെ നേതൃത്വത്തിൽ കളരി അഭ്യാസപ്രകടനം ശിഷ്യന്മാർ നടത്തിയിരുന്നു. കുറുവങ്ങാട് അൽ മുബാറക് കളരി സംഘത്തിൽ അവസാന സമയത്തും അലവി ഗുരുക്കൾ ശിഷ്യന്മാർക്ക് വിദ്യ പറഞ്ഞുകൊടുത്തിരുന്നു.
തലശ്ശേരി-പൊന്ന്യം ഏഴരക്കണ്ടത്തിൽ നടന്ന പൊന്ന്യത്തങ്കം 2023ന്റെ വേദിയിൽ ഇദ്ദേഹത്തെ ഉപഹാരം നൽകി ആദരിച്ചിരുന്നു. കേരള ഫോക് ലോർ അക്കാദമിയും കേരള സാംസ്കാരിക വകുപ്പും സംയുക്തമായി ചേർന്നാണ് ഉപഹാരം നൽകിയത്. കേരള സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് അന്ന് ഉപഹാരം കൈമാറിയത്. മത്സ്യത്തൊഴിലാളിയായ ഇദ്ദേഹം തന്റെ ജീവിതം മുഴുവൻ കളരിക്കായി സമർപ്പിച്ചയാളായിരുന്നു. നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.