അലി പള്ളിയത്ത്: പ്രവാസലോകത്ത് എലങ്കമൽ ദേശത്തിന്റെ ശബ്ദം
text_fieldsനടുവണ്ണൂർ: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അലി പള്ളിയത്തിന്റെ നിര്യാണം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഖത്തർ കെ.എം.സി.സിയുടെ മുൻ സംസ്ഥാന ട്രഷറർ, കോഴിക്കോട് ജില്ല ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
നാട്ടിലും മറുനാട്ടിലുമായി ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു. ഖത്തറിൽ നിയമക്കുരുക്കിൽ അകപ്പെട്ട അനേകം പേർക്ക് ആശ്വാസമേകാനും നിരവധി പേർക്ക് തൊഴിൽ നേടാനും നഷ്ടപ്പെട്ടുപോയേക്കാവുന്ന ജീവിതത്തിനു നിറംപകരാനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾകൊണ്ട് കഴിഞ്ഞിട്ടുണ്ട്.
ഖത്തറിൽ മരിച്ച ഒട്ടനവധി വ്യക്തികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സമയബന്ധിതമായി ലഭിക്കേണ്ട നിയമസഹായങ്ങൾക്കും അദ്ദേഹം മുന്നിലുണ്ടായിരുന്നു. രാഷ്ട്രീയ-സാമൂഹിക രംഗത്തെ ഉന്നത വ്യക്തികളുമായി അദ്ദേഹം ഹൃദയബന്ധം സൂക്ഷിച്ചു. പല പ്രതിസന്ധികളിലും മധ്യസ്ഥ ചർച്ചക്ക് അദ്ദേഹം നേതൃത്വം നൽകി. മരണവിവരം അറിഞ്ഞ് നിരവധി പേരാണ് അന്ത്യാഞ്ജലിയർപ്പിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
മന്ത്രി എ.കെ. ശശീന്ദ്രൻ, എം.പി. അബ്ദുസ്സമദ് സമദാനി എം.പി+, ബഷീറലി തങ്ങൾ, ടി.ടി. ഇസ്മയിൽ, മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, സമസ്ത മുശാവറ അംഗം എ.വി. അബ്ദുറഹ്മാൻ മുസ്‍ലിയാർ തുടങ്ങി നിരവധി പേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
വിടപറഞ്ഞത് സ്നേഹനക്ഷത്രം -എം.പി. അബ്ദുസ്സമദ് സമദാനി എം.പി
നടുവണ്ണൂർ: അലി പള്ളിയത്തിന്റെ നിര്യാണം അപ്രതീക്ഷിതമാണെന്നും വിടപറഞ്ഞത് തന്റെ പ്രിയ സ്നേഹിതനാണെന്നും എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ചെന്നൈയിൽനിന്ന് മുനവ്വറലി ശിഹാബ് തങ്ങളാണ് തന്നെ മരണവിവരം അറിയിച്ചത്. അലി സാഹിബും ഞാനും തമ്മിലുള്ള അടുത്ത ബന്ധം മനസ്സിലാക്കിയാണ് തന്നെ മുനവ്വറലി തങ്ങൾ വിളിച്ചത്. സദാ കർമനിരതനായ സാമൂഹികസേവകനായിരുന്നു.
ഖത്തറിൽ ബിസിനസ് സ്ഥാപനങ്ങൾ നടത്തിപ്പോന്ന വ്യാപാരിയും കെ.എം.സി.സിയുടെ സമുന്നത നേതാവുമായിരുന്നു. രാഷ്ട്രീയ, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പൊതുമനുഷ്യനായിരുന്നു. അലി സാഹിബിന്റെ കുടുംബത്തിലെ മിക്ക ചടങ്ങുകളിലും ഞാൻ പങ്കാളിയായത് അതിഥിയായിക്കൊണ്ടായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് അദ്ദേഹത്തിന്റെ വീടുനിർമാണത്തിന് തുടക്കംകുറിച്ചുകൊണ്ട് അതിന് ശിലയിടാൻ എന്നെ കൊണ്ടുപോയി. വീട്ടുപറമ്പിലൂടെ ഒഴുകിപ്പോകുന്ന അരുവി കണ്ടനാൾ മുതൽ എനിക്കതിനോട് എന്തെന്നില്ലാത്ത കൗതുകം തോന്നി.
വീട്ടിൽ ചെല്ലുന്ന ചില അവസരങ്ങളിൽ ഞങ്ങളിരുവരും അതിന്റെ ഓരത്ത് ചെന്നിരിക്കുമായിരുന്നുവെന്നും സമദാനി വ്യക്തമാക്കി. അലി പള്ളിയത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനൊപ്പം നിൽക്കുന്ന ഫോട്ടോയും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.