മരുന്ന് സംഭരണശാലയിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചു കയറി; 60 ലക്ഷം രൂപയുടെ നഷ്ടം
text_fieldsനടുവണ്ണൂർ: ജില്ല മരുന്ന് സംഭരണശാലയിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചു കയറി. 60 ലക്ഷം രൂപയുടെ നഷ്ടം. കരുവണ്ണൂരിൽ പ്രവർത്തിക്കുന്ന ജില്ല മരുന്ന് സംഭരണശാലയിലേക്ക് മരുന്നുമായി വന്ന കെണ്ടയ്നർ ട്രക്കാണ് സംഭരണശാലയുടെ കനോപ്പി ഏരിയയിലേക്ക് ഇടിച്ച് കയറിയത്. ഇവിടെ പാർക്ക് ചെയ്തിരുന്ന രണ്ട് എൻഫീൽഡ് ബുള്ളറ്റുകളും, ഓക്സിജൻ കോൺസൻേട്രറ്റർ മെഷീനുകൾ, ഫ്രിഡ്ജുകൾ, പെല്ലറ്റുകൾ എന്നിവ തകർന്നു. ഓഫിസ് ജനലും ഗ്ലാസും തകർന്നു.
അതി സുരക്ഷാ പ്രാധാന്യമുള്ള ജില്ല മരുന്ന് സംഭരണശാലയിൽ അവധി ദിവസമായ ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. ഹിന്ദുസ്ഥാൻ ലബോറട്ടറീസ് ലിമിറ്റഡ് കമ്പനിയുടെ മരുന്നുകളുമായി വന്ന കെണ്ടയ്നർ ട്രക്കാണ് അപകടം വരുത്തിയത്. ഡ്രൈവറുടെ അശ്രദ്ധയും ജാഗ്രതക്കുറവുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. വാഹനത്തിെൻറ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകി.
വാഹനങ്ങൾക്കും ഉപകരണങ്ങൾക്കും ഓഫീസിനും ഉൾപ്പെടെ ഏകദേശം 60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. മരുന്ന് സംഭരണശാല നിർവഹണാധികാരി പേരാമ്പ്ര പൊലീസിൽ പരാതി നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.പി. ദാമോദരൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.