ജൽജീവൻ പദ്ധതി: റോഡ് കുത്തിപ്പൊളിക്കില്ല
text_fieldsനടുവണ്ണൂർ: ജൽജീവൻ പദ്ധതിക്കായി റോഡ് കുത്തിപ്പൊളിക്കാതെതന്നെ ബദൽ മാർഗം ശ്രദ്ധയിൽപെടുത്തി നാട്ടുകാർ. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരം പണി പൂർത്തീകരിച്ച നടുവണ്ണൂർ-മൂലാട് നാലര കിലോമീറ്റർ റോഡിൽ മധ്യഭാഗത്തുകൂടി പൈപ്പിടൽ തീരുമാനത്തിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ ജലസേചന സാങ്കേതിക വിഭാഗവും വാട്ടർ അതോറിറ്റി വിഭാഗവും ബദൽ മാർഗം തേടി സംയുക്ത പരിശോധന നടത്തി.
കുറ്റ്യാടി മെയിൻ കനാലിന്റെ ഒഴിഞ്ഞുകിടക്കുന്ന ഇടതു ഭാഗം പൈപ്പിടാൻ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഈ ഭാഗം ചൂണ്ടിക്കാണിച്ചാണ് പൊതുപ്രവർത്തകനായ ഒ.എം. കൃഷ്ണകുമാർ വകുപ്പ് ഡിവിഷൻ മേധാവികൾക്ക് പരാതി നൽകിയത്.
ടാർ ചെയ്ത റോഡ് കുത്തിപ്പൊളിക്കാതെ ജൽജീവൻ പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന റിപ്പോർട്ട് വാട്ടർ അതോറിറ്റി അധികൃതർക്ക് നൽകുമെന്ന് ജലസേചന വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ പറഞ്ഞു.
വാർഡ് അംഗം സജീവൻ മക്കാട്ട്, ഒ.എം. കൃഷ്ണകുമാർ, റോഡിന്റെ ഗുണഭോക്താക്കളടങ്ങുന്ന പാട്ടുപുരയോരം ഗാർഹിക കൂട്ടായ്മ ഭാരവാഹികളായ രാജൻ മഠത്തിൽ, കെ. ഫരീദ്, ജലസേചന വിഭാഗം അസി. എൻജിനീയർ കെ.പി. പ്രമിത, ഓവർസിയർമാരായ പി.കെ. ലികേഷ്, മഞ്ജുഷ, വാട്ടർ അതോറിറ്റി ഓവർസിയർമാരായ കെ.കെ. റിയാസ്, ശ്രീപ്രിയ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. ഗാർഹിക കൂട്ടായ്മയുടെ നിവേദനം ജലസേചന വിഭാഗം അസിസ്റ്റൻറ് എൻജിനീയർക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.