നന്താനശ്ശേരി ക്ഷേത്രക്കുളം 30 ലക്ഷം ചെലവിൽ നവീകരിക്കുന്നു
text_fieldsനടുവണ്ണൂർ: നടുവണ്ണൂരിന്റെ സാമൂഹിക നവോഥാനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ നന്താനശ്ശേരി ക്ഷേത്രക്കുളം നവീകരിക്കുന്നു. കോഴിക്കോട് കോർപറേഷന്റെ നഗരസംയോജന ഫണ്ടിൽനിന്ന് 30 ലക്ഷം ഉപയോഗിച്ചാണ് നവീകരണം. ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിലാണ് പ്രവൃത്തി നടത്തുന്നത്.
അടങ്കൽ തയാറാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്റെ നേതൃത്വത്തിൽ സ്ഥിരം സമിതി ചെയർമാൻ സി. സുധീഷ്, വാർഡ് മെംബർ സജ്ന അക്സർ, എൽ.എസ്.ജി.ഡി എൻജിനീയർ സൗദ തുടങ്ങിയവർ കുളം പരിശോധിച്ച് അളവെടുത്തു.
56 സെന്റ് വിസ്തൃതിയിൽ ചെങ്കല്ലിൽ പണിത കുളം പടവുകളിടിഞ്ഞ് നാശോന്മുഖമായിട്ടുണ്ട്. പൊളിഞ്ഞ പടവുകൾ പുതുക്കിപ്പണിയും. ഡിസംബറോടെ നവീകരണം ആരംഭിക്കും. നടുവണ്ണൂർ ദേവസ്വം സുബ്രഹ്മണ്യ ക്ഷേത്രത്തിന്റേതാണ് കുളം. 12 കുളിക്കടവുള്ള കുളത്തിന് അടിവരെ ചെങ്കല്ലിൽ പടവുകൾ തീർത്തിട്ടുണ്ട്. പടവുകൾ തീർത്തും ഇപ്പോൾ തകരാറിലാണ്. കുളത്തിന്റെ അടിത്തട്ടിൽ ചളി രൂപപ്പെട്ടിട്ടുണ്ട്. നിറയെ പായലുകളും വളർന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ കൂട്ടായ്മയിൽ പായൽ നീക്കാറുണ്ടെങ്കിലും മഴക്കാലത്തോടെ വീണ്ടും പായൽ നിറയും. നടുവണ്ണൂരിലെ നീർമറി പ്രദേശങ്ങളിൽ പ്രധാനമായും പെയ്യുന്ന മഴവെള്ളം സംഭരിക്കുന്നത് ഈ കുളത്തിലാണ്. അതുകൊണ്ട് മഴക്കാലത്ത് നിറയെ വെള്ളമുണ്ടാകും.
ഫെബ്രുവരിയിൽ കനാൽ തുറക്കുമ്പോഴും ധാരാളം വെള്ളം കുളത്തിൽ സംഭരിക്കും. അങ്ങനെ 12 മാസവും കുളത്തിൽ നിറയെ വെള്ളമുണ്ടാകും. കുളത്തിന്റെ കിഴക്കുഭാഗം പരദേവതാക്ഷേത്രവും പടിഞ്ഞാറ് നാഗക്കോട്ടയും തെക്കുഭാഗം സുബ്രഹ്മണ്യക്ഷേത്രവുമാണ്.നടുവണ്ണൂരിന്റെ സാമൂഹിക മുന്നേറ്റത്തിന് ചാലകശക്തിയായി പ്രവർത്തിച്ച പ്രധാന ഇടമാണ് നന്ദനശ്ശേരി ഇല്ലം വകയുള്ള ക്ഷേത്രക്കുളം.
അയിത്തോച്ചാടനത്തിന്റെ ഭാഗമായി നന്താനശ്ശേരി ഇല്ലത്തെ ഗണപതി മൂസ്സതിന്റെ നേതൃത്വത്തിൽ സമീപത്തുള്ള ഹരിജൻ ബാലന്മാരെ കൊണ്ടുവന്ന് 1988ൽ ഇവിടെ കുളിപ്പിച്ചിരുന്നു. കുളിപ്പിച്ചതിനുശേഷം സുബ്രഹ്മണ്യക്ഷേത്രത്തിൽ സമൂഹസദ്യ നടത്തുകയും ചെയ്തു. ഇത് വലിയ സാമൂഹികമുന്നേറ്റമായി ചരിത്രത്തിലിടം നേടി. കുളത്തിനടുത്തുകൂടെയുള്ള റോഡിൽ താഴ്ന്ന ജാതിക്കാർക്ക് വഴിനടക്കാൻ അനുവാദമുണ്ടായിരുന്നില്ല.
കൊടിയ അയിത്തം നിലനിൽക്കുന്ന സമയത്താണ് ക്ഷേത്രക്കുളത്തിലെ കുളിയും ക്ഷേത്രദർശനവും സമൂഹസദ്യയും നടത്തിയത്. ഇതിന്റെ പേരിൽ ഇല്ലം ഭ്രഷ്ട് നേരിട്ടിരുന്നു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നന്ദനശ്ശേരി ഇല്ലവും വ്യക്തികളും ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.