ഡീസൽ ചോർച്ചക്ക് പരിഹാരമായില്ല; നാട്ടുകാർ ആശങ്കയിൽ
text_fieldsനടുവണ്ണൂർ: ജവാൻ ഷൈജു സ്മാരക ബസ് സ്റ്റോപ്പിനടുത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷനു കീഴിലുള്ള പി.പി സൺസ് പെട്രോൾ പമ്പിൽ എട്ടു മാസം മുമ്പു തുടങ്ങിയ ഇന്ധന ചോർച്ചക്ക് നാളിതുവരെ പരിഹാരം കാണാനായില്ല.
ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ കർമ സമിതിക്കു രൂപം നൽകി പ്രവർത്തനം തുടങ്ങിയതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിലറിയിച്ചു. പമ്പിന് സമീപമുള്ള കിണറുകളിലും ജലസ്രോതസ്സുകളിലും ഇന്ധനത്തിന്റെ ഗന്ധവും അസാധാരണ നിറ വ്യത്യാസവും നിലനിൽക്കുന്നതു കാരണം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായും നാട്ടുകാർ പറഞ്ഞു.
നിർമാണത്തിലുണ്ടായ അപാകത മൂലമാണ് പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ഇന്ധന ചോർച്ചയുണ്ടാവാനുള്ള കാരണം. പെട്രോൾ പമ്പ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ ജനകീയ കൂട്ടായ്മയും നന്മ റസിഡൻസ് അസോസിയേഷനും ചേർന്നാണ് ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്.
പ്രശ്നത്തിന് പരിഹാരം കാണാൻ ജില്ല കലക്ടർക്കും അനുബന്ധ ഡിപ്പാർട്ട്മെന്റുകളിലും നൽകിയ പരാതി പ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥലം സന്ദർശിച്ചു. ആവശ്യമായ നിർദേശങ്ങൾ നൽകുകയും നിർമാണത്തിൽ അപാകതയുള്ളതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, ഈ നിർദേശങ്ങൾ പാലിക്കാതെയാണ് പമ്പ് പ്രവർത്തിച്ച് വരുന്നതെന്ന് കർമ സമിതി അംഗങ്ങൾ പറഞ്ഞു. മലിനീകരണ ബോർഡിന്റെ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ചത് കാരണം ഇന്ധനച്ചോർച്ച കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പെട്രോൾപമ്പിന് സ്റ്റോപ്പ് മെമ്മോ നൽകി പമ്പ് അടച്ചിട്ടിരിക്കുകയാണ്.
മലിനീകരണം തടയുന്നതിനും മലിനമായ ജലം ശുദ്ധീകരിക്കുന്നതിനും, ശുദ്ധജലവിതരണം ഉറപ്പാക്കുന്നതിനും മലിനീകരണത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനും ഭാവിയിൽ ഇത്തരം ഗുരുതരമായ പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിയും കർമസമിതി അതി ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. കമ്മിറ്റി കൺവീനർ രാമചന്ദ്രൻ നെച്ചോട്ട്, വൈസ് ചെയർമാൻ സമീർ മേക്കോത്ത്, പി.പി. അർജുൻ, രമണി ടീച്ചർ കുന്നത്, യൂസഫ് മേക്കോത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.