കളിമൈതാനത്തിന് നാട്ടുകാർ ഒന്നിച്ചു; അഞ്ചു മണിക്കൂർകൊണ്ട് ലഭിച്ചത് അഞ്ചു ലക്ഷം
text_fieldsനടുവണ്ണൂർ: കളിമൈതാനത്തിനായി നാട്ടുകാർ ഒന്നിച്ചപ്പോൾ അഞ്ചു മണിക്കൂർകൊണ്ട് ലഭിച്ചത് അഞ്ചു ലക്ഷം രൂപ. വർഷങ്ങളായുള്ള നാടിന്റെ സ്വപ്നമായിരുന്നു പ്രദേശത്ത് കളിമൈതാനം. ഫെലിസിറ്റി എലങ്കമലിന്റെ നേതൃത്വത്തിലാണ് കളിമൈതാനത്തിനായി അഞ്ചു മണിക്കൂർകൊണ്ട് അഞ്ചു ലക്ഷം രൂപ സമാഹരിച്ചത്.
എലങ്കമൽ ഫെലിസിറ്റി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് സ്ഥലം കണ്ടെത്തുകയും ധനസമാഹരണം നടത്തുകയും ചെയ്തത്. ആദ്യ ഘട്ടത്തിൽ എലങ്കമൽ ഇയ്യക്കണ്ടിതാഴെ 25 സെന്റ് സ്ഥലമാണ് കളിമൈതാനത്തിനായി വാങ്ങിയത്. യൂനിവേഴ്സിറ്റി വോളി താരം നിസാമിന് പ്രദേശത്ത് നൽകിയ സ്വീകരണ പരിപാടിയിലാണ് നാടിന് സ്വന്തമായി പൊതു കളിമൈതാനം എന്ന ആശയം മുന്നോട്ടുവെച്ചത്. പ്രസിഡന്റ് റഹ്മാൻ എലങ്കമൽ, സെക്രട്ടറി എ. അമ്മദ്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നത്. 1987ൽ തുടക്കമിട്ടതാണ് ക്ലബ്.
വർഷങ്ങളോളം പഞ്ചായത്ത് കേരളോത്സവങ്ങളിലും മറ്റും സ്ഥിരം ജേതാക്കളായിരുന്നു. കളിമൈതാനം യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ കായികസ്വപ്നങ്ങൾക്കും ചിറകുമുളക്കുകയാണ്. വാർഡ് മെംബർ ടി. നിസാർ, സാജിദ് കുറ്റിയുള്ളതിൽ, റാഫി പുതിയേടത്ത്, ബഷീർ തോട്ടത്തിൽ, തുഫൈൽ യു.കെ എന്നിവർ ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകി. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.