കുട്ടന് ഇനി വീട്ടിലേക്ക് വണ്ടിയോടിച്ച് പോകാം
text_fieldsനടുവണ്ണൂർ: ഭിന്ന ശേഷിക്കാരനായ കുട്ടന് ഇനി സ്വന്തം വണ്ടിയിൽ വീട്ടിലെത്താം. അംഗ പരിമിതനായ കുട്ടന് സ്വന്തം വണ്ടിയിൽ നിന്നിറങ്ങി വീട്ടിലെത്താൻ ഇനി ഇഴഞ്ഞ് നീങ്ങണ്ട. കുട്ടെൻറ വീട്ടിലേക്ക് മുച്ചക്ര വണ്ടി കൊണ്ടുപോകുന്നതിനായി കോൺക്രീറ്റ് പാതയൊരുക്കിയിരിക്കുകയാണ് പതിമൂന്നാം വാർഡിലെ യു.ഡി.എഫ് കമ്മിറ്റി. വെങ്ങളത്ത് കണ്ടി കടവ് മണ്ണാൻ കണ്ടി ഉണ്ണിയുടെ മകൻ കുട്ടൻ ജന്മനാ അംഗ പരിമിതനായിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിലൂടെ കുട്ടന് ഒരു മുചക്ര മോട്ടോർ വാഹനം ലഭിക്കുകയും കുട്ടെൻറ ജീവിതം അത് മാറ്റിമറിക്കുകയും ചെയ്തു. വീട്ടിൽ ഒതുങ്ങി നിന്ന കുട്ടൻ ലോട്ടറി വിൽപനയുമായി നാട്ടിലേക്ക് ഇറങ്ങുകയായിരുന്നു. പക്ഷേ, സ്വന്തം വീട്ടിലേക്ക് സൗകര്യം ഉള്ള ഒരു വഴി ഇല്ലാത്തതിനാൽ മുച്ചക്ര വാഹനം കൊണ്ടു പോകാൻ കഴിഞ്ഞില്ല. ചളി നിറഞ്ഞ വഴിയിൽ പലപ്പോഴും വാഹനം പൂഴ്ന്ന് പോവലായിരുന്നു പതിവ്. നാട്ടുകാരുടെ സഹായത്തോടെയാണ് പലപ്പോഴും കുട്ടൻ വീടണഞ്ഞിരുന്നത്. ഈ സഹചര്യത്തിലാണ് വാർഡ് യു.ഡി.എഫ് കമ്മിറ്റി കുട്ടന് പാതയൊരുക്കാനായി കൈകോർത്തത്.
യു.ഡി.എഫ്.പ്രവർത്തകരായ പി.കെ. മുഹമ്മദലി, റോഷൻ ഇബ്രാഹിം, കെ.എം. ജാമാൽ, എം.കെ. ശ്രീധരൻ, മുഫ്ലിഹ്, ജഷീർ,പി. റിയാസ് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളായ അഷ്റഫ് പുതിയപ്പുറം, എ.പി. ഷാജിമാസ്റ്റർ എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.