നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറിയിൽ സയൻസ് പാർക്ക് ഒരുങ്ങുന്നു
text_fieldsനടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളിൽ ശാസ്ത്രാവബോധവും ശാസ്ത്രാഭിരുചിയും വളർത്തുന്നതിനായി സയൻസ് പാർക്ക് ഒരുങ്ങുന്നു. നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് സയൻസ് പാർക്ക് അനുവദിച്ചത്. എട്ടുലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്താണ് ഫണ്ട് നൽകുന്നത്. ചരിവുതലം ലഘുയന്ത്രം, ന്യൂട്ടൻസ് ക്രഡിൽ ആക്ക സംരക്ഷണ നിയമം, ട്യൂണിങ് ഫോർക് ആവൃത്തി, കാറ്റാടിയന്ത്രം, റോക്കറ്റ് മോഡൽ, ഇൻഫിനിറ്റ് ട്രെയിൻ തുടങ്ങിയ മാതൃകകളും പ്രവർത്തനങ്ങളും സയൻസ് പാർക്കിൽ സജ്ജീകരിക്കും. മുൻ ഹെഡ് മാസ്റ്റർ പി. മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിൽ ശാസ്ത്രാധ്യാപകരാണ് പ്രോജക്ട് തയാറാക്കി സമർപ്പിച്ചത്. ഈ അധ്യയനവർഷംതന്നെ പദ്ധതിനിർവഹണം പൂർത്തിയാകും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ വാതിൽപ്പുറ പ്രവർത്തനങ്ങൾ അനുഭവങ്ങളിലൂടെ ശാസ്ത്രപഠനം സാധ്യമാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, വൈസ് പ്രസിഡന്റ് ടി.എം. ശശി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വനജ, ബ്ലോക്ക് മെംബർ എം.കെ. ജലീൽ, ഗ്രാമപഞ്ചായത്ത് മെംബർ സജീവൻ മക്കാട്ട്, പി.ടി.എ പ്രസിഡന്റ് കെ.പി. സത്യൻ, പ്രിൻസിപ്പൽ ശ്യാമിനി ടീച്ചർ, ഹെഡ് മാസ്റ്റർ കെ. മുനാസ്, ഷീജ ടീച്ചർ, പി.സി. നിർമല എന്നിവർ നിർദിഷ്ട പദ്ധതിപ്രദേശം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.