വോൾട്ടേജ് ക്ഷാമം; വിഷു ദിനത്തിൽ കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ നാട്ടുകാരുടെ കുത്തിയിരിപ്പു സമരം
text_fieldsനടുവണ്ണൂർ: വിഷുദിനത്തിൽ ഗുണഭോക്താക്കൾ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. നടുവണ്ണൂർ പഞ്ചായത്തിലെ കാവുന്തറ എട്ടാം വാർഡ് ജലനിധി ആലോത്തു മീത്തൽ കുടിവെള്ള പദ്ധതിക്ക് കീഴിലെ ഗുണഭോക്താക്കളാണ് നടുവണ്ണൂർ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. വോൾട്ടേജ് ക്ഷാമം കാരണം ജലവിതരണ മോട്ടോർ പ്രവർത്തിക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധം. 10 ദിവസത്തോളമായി അധികൃതർക്ക് പരാതി നൽകിയിട്ടും പ്രശ്നം പരിഹരിക്കാത്തതിനാലാണ് ഗുണഭോക്താക്കൾ പ്രതിഷേധിച്ചത്.
നടുവണ്ണൂർ കെ.എസ്.ഇ.ബി സെക്ഷനിലെ പാലയാട്ട് ട്രാൻസ്ഫോമർ പരിധിയിൽ പുതിയോട്ടിൽ പാറ, കുളിയാപൊയിൽ ഭാഗത്ത് ഒരു മാസത്തോളമായി വോൾട്ടേജ് ക്ഷാമം കാരണം ഇലക്ട്രിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. പ്രദേശവാസികളായ നൂറോളം കുടുംബങ്ങൾ ഒപ്പിട്ട പരാതി കെ.എസ്.ഇ.ബിയിൽ നൽകിയിട്ടും വോൾട്ടേജ് ക്ഷാമം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചില്ല. കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്ന 48 കുടുംബങ്ങൾ ഇവിടെയുണ്ട്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻപോലും വെള്ളം ഇല്ലാതായപ്പോയാണ് വീട്ടമ്മമാരുൾപ്പെടെയുള്ളവർ രാവിലെ കെ.എസ്.ഇ.ബി ഓഫിസിൽ എത്തി പ്രതിഷേധിച്ചത്. കുടിവെള്ള പദ്ധതി ഗുണഭോക്തൃ കമ്മിറ്റി പ്രസിഡൻറ് സുരേഷ് പുതിയോട്ടിൽ, ശ്രീജിത്ത് ആലോത്ത് തറ, എ. മിനി, കെ.സി. റിനീഷ്, എ. ആതിര, എം.കെ. തങ്കം, എം.കെ. സുമ, പി. ബിന്ദു, എം. അമ്മാളു, എ.കെ. ഉണ്ണികൃഷ്ണൻ, എം.കെ. ബാലൻ, പി.എം. ബാബു, എം.കെ. റഫ്നീഷ്, എ.എം. ബാബു, എ.എം രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
മഴയൊന്ന് ചാറിയാൽ നാട് ഇരുട്ടിലാകും
പാലേരി: പേരാമ്പ്ര -കല്ലോട് -കല്ലൂർ റോഡിലെ പരിസരപ്രദേശങ്ങളിൽ വൈദ്യുതി തകരാറിലാവുന്നത് പതിവാകുന്നു. ചെറിയൊരു മഴ പെയ്താൽ വൈദ്യുതി നിലക്കും.
രാത്രി വൈദ്യുതി പോയാൽ മണിക്കൂറുകൾ കഴിഞ്ഞാണ് പുനഃസ്ഥാപിക്കുകയെന്ന് ഗുണഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. നിരവധി ഉപഭോക്താക്കളുള്ള ഈ മേഖലയിൽ ഈസ്റ്റർ, വിഷു ദിവസങ്ങളിലൊന്നും കൃത്യമായി വൈദ്യുതി ലഭിച്ചില്ല.
പുലർച്ചയും വൈകീട്ടും വൈദ്യുതി ഇല്ലാത്തത് റമദാൻ വ്രതമെടുക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകൾ എഴുതുന്ന കുട്ടികളും വൈദ്യുതി ഇല്ലാത്തതു കാരണം വളരെ പ്രയാസപ്പെടുകയാണ്.
ഒരു ചെറിയ സ്ഥലത്തെ തകരാറ് പരിഹരിക്കാൻ ലൈൻ ഒന്നിച്ച് ഓഫാക്കുന്നതും നിരവധി ഗുണഭോക്താക്കളെ പ്രയാസത്തിലാക്കുന്നു. ലൈൻ തകരാർ കണ്ടുപിടിക്കുന്ന ഫാൾട്ട് ഡിറ്റക്ടർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനരഹിതമാണെന്നാണ് നാട്ടുകാർ പറയുന്നത്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.