വിസ്മരിക്കാൻ വേണ്ടി മാത്രമായി റോഡുകളുടെ പേരുകൾ
text_fieldsകോഴിക്കോട്: നഗരത്തിൽ മാസത്തിലെന്നോണം റോഡുകൾക്ക് പുതിയ നാമകരണം നടക്കുന്നുവെങ്കിലും അവ നിലനിർത്താൻ മതിയായ സംവിധാനമില്ല. പ്രദേശത്തെ പ്രധാന വ്യക്തികളുടെയടക്കം പേര് ഏതെങ്കിലും റോഡിനിടണമെങ്കിൽ വാർഡ് സഭയും കൗൺസിലറും കോർപറേഷന് അപേക്ഷ നൽകിയശേഷം കൗൺസിൽ അംഗീകാരം വാങ്ങണം.
ഇങ്ങനെ കൗൺസിൽ അംഗീകരിച്ച പല റോഡുകളുടെയും പേരുകൾ ഇന്ന് വിസ്മൃതിയിലായി. പേരെഴുതിയ ബോർഡ് നഷ്ടപ്പെട്ട് പേരിട്ടവർപോലും മറന്നുപോയ റോഡുകളുമുണ്ട്. ഉറൂബ് റോഡും പി. കൃഷ്ണപിള്ള റോഡുമെല്ലാം ഇതിന് ഉദാഹരണമാണ്.
മാനാഞ്ചിറയിൽ കോംട്രസ്റ്റ് കമ്പനിക്കു മുന്നിലുള്ള റോഡിന് ഉറൂബിന്റെയും ടൗൺഹാളിനു മുന്നിലെ റോഡിന് പി. കൃഷ്ണപിള്ളയുടെയും പേരിട്ടെങ്കിലും ബോർഡ് മാഞ്ഞതോടെ പേരിട്ടവർപോലും അക്കാര്യം മറന്നു. പുതിയ പേരിട്ടിട്ടും പറഞ്ഞുപഴകിയ പേരുതന്നെ ഉപയോഗിക്കുന്ന പാതകളും നിരവധി.
ഇവക്ക് പുതിയ പേരുതന്നെ ഉപയോഗിക്കാനുള്ള നടപടിയുണ്ടാവുന്നില്ല. ബോർഡുകളിൽ പേരെഴുതാൻ നിർബന്ധിക്കുകയോ മതിയായ ബോർഡുകൾ സ്ഥാപിക്കാനോ നടപടിയില്ല. മാവൂർ റോഡിന് ഇന്ദിര ഗാന്ധിയുടെയും റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിന് ജയപ്രകാശ് നാരായണിന്റെയും പേര് നൽകിയിട്ടും പഴയ പേരുതന്നെയാണ് ഇപ്പോഴും ഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത്.
കോർപറേഷൻ നടപ്പാക്കുന്ന ‘അഴക്’ പദ്ധതിയിൽ നഗരത്തിലെ മുഴുവൻ റോഡുകളിലും ആവശ്യമായ ബോർഡുകൾ സ്ഥാപിക്കുമെന്ന വാഗ്ദാനമുണ്ട്. കോർപറേഷൻ ബജറ്റ് പ്രഖ്യാപനങ്ങളിൽപെട്ടതാണിത്.
റോഡ് നവീകരണക്കരാറിൽ സൈൻബോർഡുകൾകൂടി ഉൾപ്പെടുമ്പോൾ ബോർഡുള്ളിടത്തുതന്നെ വീണ്ടും ബോർഡ് വെക്കുന്ന രീതിയും നഗരത്തിലുണ്ട്. നാലാം ഗേറ്റ് ജങ്ഷനിൽ ഗാന്ധിപാർക്ക് മതിലിനോടു ചേർന്ന് ചെറൂട്ടി റോഡിന്റെ പേരെഴുതിയ മൂന്നു ബോർഡുകളാണ് ഒന്നിനൊന്നോടു ചേർന്ന് സ്ഥാപിച്ചത്. എല്ലാ ബോർഡുകളും ഇപ്പോൾ വാഹനമിടിച്ച് പാതി തകർന്ന അവസ്ഥയിലുമാണ്.
പുതുതായി അഞ്ചു റോഡുകൾക്കുകൂടി പേരിട്ടു
കോഴിക്കോട്: നഗരത്തിലെ അഞ്ചു റോഡുകൾക്കുകൂടി പുതിയ പേരിടാൻ കോർപറേഷൻ തീരുമാനം. കുറ്റിച്ചിറ സിയസ്കോ മുതൽ മുച്ചുന്തി പള്ളി വരെയുള്ള റോഡിന് ഖാദി നാലകത്ത് മുഹമ്മദ് കോയയുടെ പേര് നൽകാൻ നഗരസഭ തീരുമാനിച്ചു. തളി-ചാലപ്പുറം ക്രോസ് റോഡിന് ജസ്റ്റിസ് വി. ബാലകൃഷ്ണ ഏറാടി റോഡ് എന്ന് നാമകരണം ചെയ്യാനും തീരുമാനമായി.
ഫ്രാൻസിസ് റോഡ് ചിന്ത കോർണർ ജങ്ഷൻ മുതൽ വടക്ക് റോഡിന് മുൻ കൗൺസിലർ ഇ.വി. ഉസ്മാൻ കോയയുടെ പേരും ഇടിയങ്ങര ജങ്ഷൻ മുതൽ ചെമ്മങ്ങാട് ജങ്ഷൻ വരെയുള്ള പാതക്ക് ‘സയ്യിദ് അഹമ്മദ് ശിഹാബുദ്ദീൻ ഇമ്പിച്ചികോയ തങ്ങൾ റോഡ്’ എന്ന പേരും നൽകും. അതത് വാർഡ് കമ്മിറ്റികളുടെ ശിപാർശയും വാർഡ് കൗൺസിലറുടെ കത്തും പരിഗണിച്ചാണ് തീരുമാനം.
ചേവായൂർ താഴത്ത് വീടിനുമുന്നിലെ റോഡിന് പരേതനായ ടി.വി. പ്രേമരാജന്റെ പേര് നൽകും. പ്രദേശവാസികളുടെ നിവേദനം, വാർഡ് കമ്മിറ്റി ശിപാർശ, കൗൺസിലറുടെ കത്ത് എന്നിവ പരിഗണിച്ചാണ് നടപടി.
റോഡ് സഫലമാകാൻ ടി.വി. പ്രേമരാജൻ പരിശ്രമിക്കുകയും സ്ഥലം വിട്ടുനൽകുകയും വില നൽകി മറ്റുള്ളവരിൽനിന്ന് സ്ഥലം വാങ്ങി നൽകുകയും ചെയ്തത് പരിഗണിച്ചാണ് 77 മീറ്റർ നീളമുള്ള റോഡിന് പേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.