ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രശേഷിപ്പ്: നന്മണ്ട ഹജൂർ കച്ചേരി ഓർമയിലേക്ക്
text_fieldsനന്മണ്ട: ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രശേഷിപ്പായ ഹജൂർ കച്ചേരി സമുച്ചയവും ഓർമയിലേക്ക്. സ്വാതന്ത്ര്യാനന്തരം വില്ലേജ് ഓഫിസാക്കിയ കെട്ടിടം പഴക്കത്താലുള്ള ജീർണത കണക്കിലെടുത്ത് പൊളിക്കുകയാണ്.
കോടതിയും വിചാരണയും ശിക്ഷയും കുതിരക്കുളമ്പടി ശബ്ദവും.... പഴമക്കാർക്ക് പറയാനുള്ളത് ഹജൂർ കച്ചേരിയുമായി ബന്ധപ്പെട്ട പേടിപ്പെടുത്തുന്ന ചരിത്രമാണ്. സിവിലും ക്രിമിനലുമായ കേസുകൾ വിചാരണ ചെയ്യുന്ന സ്ഥലമായിരുന്നു ഇവിടെ.
ഇപ്പോൾ പൊളിച്ചുമാറ്റുന്ന കെട്ടിടത്തി െൻറ മുൻവാതിൽ കടന്നാൽ വരാന്തയും തെക്കുഭാഗത്ത് ശിക്ഷാമുറിയും ഉണ്ടായിരുന്നു. നാട്ടിലെ വക്കീലായി ബ്രിട്ടീഷുകാർ ചുമതലപ്പെടുത്തിയത് മാണിക്കോത്ത് നാരായണൻ കിടാവിനെയായിരുന്നു. കെട്ടിടത്തി െൻറ തെക്കു പടിഞ്ഞാറു ഭാഗത്തായിരുന്നു കുതിരപ്പന്തി.
ബാലുശ്ശേരിമുക്കിലെ ബംഗ്ലാവിൽനിന്ന് സായിപ്പെഴുന്നള്ളിയാൽ നന്മണ്ടയിലായിരുന്നു വിശ്രമകേന്ദ്രം. നന്മണ്ടയിലെ ദൈനംദിന കാര്യങ്ങൾ നോക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥനായ വേട്ടരക്കണ്ടി ഉണ്ണിക്കിടാവിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. നാട്ടുകാർക്ക് കച്ചേരി എന്ന് കേൾക്കുമ്പോൾ കാലിടറുമായിരുന്നു.
അക്കാലത്ത് നന്മണ്ട അങ്ങാടിയിലെത്താൻ പലരും കുറുക്കുവഴികളെയായിരുന്നു ആശ്രയിച്ചിരുന്നത്. ബംഗ്ലാവിലെ വാച്ച്മാൻ (മസാൽചി) തൊടുവയിൽ അബ്ദുവായിരുന്നു.
സായിപ്പെത്തിയാൽ കീഴരിയൂർ, ഉള്ള്യേരി, കോഴിക്കോട് പ്രദേശങ്ങളിൽ സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തവർ നന്മണ്ടയിലും പരിസരങ്ങളിലും ഉണ്ടോ എന്ന് ആരായുമായിരുന്നു. പനോളിക്കണ്ടി അമ്മത്കോയയുടെ നേതൃത്വത്തിലായിരുന്നു സമരങ്ങൾ അരങ്ങേറിയിരുന്നത്.
സമരത്തി െൻറ ഭാഗമായി നെൽകൃഷിക്ക് കരംകൊടുക്കാൻ ഉടമകൾ തയാറായില്ല. കരം കൊടുക്കാത്ത ഉടമകളുടെ വയലിൽ ഉദ്യോഗസ്ഥർ ഇലകെട്ടിയ വടി നാട്ടി മുന്നറിയിപ്പ് കൊടുക്കുമായിരുന്നു. കരം അടച്ചാൽ വടിയിൽ കെട്ടിയ ഇല ഉദ്യോഗസ്ഥർതന്നെ വന്ന് നീക്കംചെയ്യും.
മുന്നറിയിപ്പ് അവഗണിച്ച് നെല്ല് െകായ്തവരെ കച്ചേരിയിൽ വിളിച്ചുവരുത്തും. രാവിലെ തൊട്ട് വൈകുന്നേരം വരെയുള്ള ശിക്ഷ ഇവർക്ക് ഉണ്ടാകുമായിരുന്നു.
അമ്മത്കോയയെ കൂടാതെ അയ്യപ്പൻകണ്ടി രാരിച്ചൻ, മരുതാട്ട് കണാരൻ, പള്ളിക്കയറ്റ്യേര ചന്തു, വേട്ടക്കരക്കണ്ടി അപ്പുക്കിടാവ്, ആച്ചലത്ത് പെരയൻ, ചോമച്ചംകണ്ടി ഗോപാലൻ നായർ, വി.എം. കിടാവ് എന്നിവരായിരുന്നു സമരമുഖത്തെ പോരാളികൾ.
ഇന്ത്യ സ്വതന്ത്രമായശേഷം ചരിത്രാന്വേഷികൾക്ക് പ്രതീക്ഷ പകരുന്ന സൗധമായി ഇത് മാറി. ഈ കെട്ടിടം പൊളിച്ചുമാറ്റി തൊട്ടടുത്ത് നവീകരിച്ച കെട്ടിടമുയരുമ്പോൾ നന്മണ്ട ദേശത്തെ ഒരു ചരിത്രസ്മാരകം ഓർമയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.