നന്മണ്ട വെടിവെപ്പ്: മൂന്നാമനെ തേടി പൊലീസ്
text_fieldsനന്മണ്ട: രണ്ടു ദിവസം മുമ്പ് നന്മണ്ട 12ൽ വീട്ടിൽ വെടിവെപ്പ് നടത്തിയ സംഭവത്തിലെ മൂന്നാമനെ തേടി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ശനിയാഴ്ചയായിരുന്നു നന്മണ്ട 12ൽ മoത്തിൽ വിത്സൻ വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് വെടിവെപ്പുണ്ടായത്. പനായി സ്വദേശിയുടെ ഗുണ്ടകളായിരുന്നു രാത്രി എട്ടോടെ വീട്ടിലെത്തി വിളയാട്ടം നടത്തിയത്. മൂന്നംഗ സംഘത്തിലെ രണ്ടു പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. അവരെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.
മൂന്നാമനായ മുക്കം സ്വദേശി ഡ്രൈവർ ഷാഫിയെയാണ് ഇനി പിടികൂടാനുള്ളത്. ഷാഫി ഇവരെ വാഹനത്തിൽ വിത്സന്റെ വീട്ടിലെത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്. തോക്കിന് ലൈസൻസ് ഉണ്ടെങ്കിലും അത് ദുരുപയോഗം ചെയ്യാനുള്ളതല്ലെന്നും പൊലീസ് പറഞ്ഞു. ഇതിനിടയിൽ പണ ഇടപാട് നടത്തിയ സത്യന്റെ വീട്ടിലും റിമാൻഡിൽ കഴിയുന്ന മുനീറിന്റെയും വീട്ടിൽ ബാലുശ്ശേരി പൊലീസ് റെയ്ഡ് നടത്തി.
സത്യന്റെ വീട്ടിൽനിന്ന് മുദ്രപത്രവും ബ്ലാങ്ക് ചെക്കും മറ്റ് പണ സംബന്ധമായ രേഖകളും പൊലീസ് കണ്ടെടുത്തു. ഇയാളുടെ പേരിൽ അനധികൃതമായി സാമ്പത്തിക ഇടപാട് നടത്തിയതിനും രേഖകൾ സൂക്ഷിച്ചതിനും പൊലീസ് കേസെടുത്തു. മുനീറിന്റെ വീട്ടിൽനിന്ന് ഒന്നും കണ്ടെത്താനായില്ല. ഇവരുടെ എല്ലാ ഇടപാടുകളും പരിശോധിച്ചുവരുകയാണെന്ന് എസ്.എച്ച്.ഒ എം.കെ. സുരേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.