നാപ്കിൻ, ഡയപർ സംസ്കരണത്തിന് സംവിധാനമൊരുങ്ങുന്നു
text_fieldsകോഴിക്കോട്: ആധുനിക ജീവിതത്തിൽ മുഖ്യ മാലിന്യപ്രശ്നങ്ങളിലൊന്നായ ഡയപർ, സാനിറ്ററി നാപ്കിൻ, ബയോ മെഡിക്കൽ മാലിന്യം എന്നിവ വീടുകളിൽനിന്ന് ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാൻ കോർപറേഷൻ പദ്ധതിയൊരുങ്ങുന്നു.
ഇത്തരം മാലിന്യങ്ങൾ ശേഖരിക്കുന്ന വിവിധ ഏജൻസികളിൽനിന്ന് താൽപര്യപത്രം ക്ഷണിച്ച് അവരെ മാലിന്യ സംഭരണം ഏൽപിക്കുകയാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്.
അണുനശീകരണം ചെയ്ത കവറുകൾ വീടുകളിൽ എത്തിച്ച് അവ നിറയുമ്പോൾ സംസ്കരിക്കാനായി നിശ്ചിത തുക നൽകി തിരിച്ച് വാങ്ങുന്നതാണ് രീതി. ഉപഭോക്താക്കളും കമ്പനിയും തമ്മിലാവും മാലിന്യം കൈമാറലും പണം നൽകലുമെല്ലാം നടക്കുക.
സർക്കാർ അംഗീകൃത ഏജൻസികളിലും സ്ഥാപനങ്ങളിലും ഇതിനായി താൽപര്യപത്രം ക്ഷണിച്ചതായി കോർപറേഷൻ ഡോ. എസ്. ജയശ്രീ പറഞ്ഞു. നേരത്തേ കോർപറേഷൻ താൽപര്യപത്രം വിളിച്ചിരുന്നെങ്കിലും രണ്ടുപേർ മാത്രമാണ് വന്നിരുന്നത്.
ഇവയിൽ ഒന്നിന് വീടുകളിലെത്തി മാലിന്യം സംഭരിക്കാൻ സംവിധാനമില്ലാത്തതായിരുന്നു. രണ്ടാമത്തെ ഏജൻസി വലിയ തുകയാണ് കാണിച്ചത്. ഇതേത്തുടർന്നാണ് രണ്ടാമതും താൽപര്യപത്രം ക്ഷണിച്ചത്. ഈ ആവശ്യത്തിന് നേരത്തേ കോർപറേഷൻ ഓഫിസിനു സമീപം വലിയ ഇൻസിനറേറ്റർ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പാക്കാനായില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റ അനുമതി കിട്ടാത്തതാണ് മുഖ്യ പ്രശ്നമായത്.
ഇപ്പോൾ കൂടുതൽ കമ്പനികൾക്ക് സ്വന്തമായി സംസ്കരണ പ്ലാന്റുകളുണ്ട്. കോർപറേഷന് സ്വന്തമായി സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള അനുമതിക്കും മറ്റും കാലതാമസമുണ്ടാകും. ഈ സാഹചര്യത്തിലാണ് കോർപറേഷന്റെ പുതിയ നീക്കം.
കോർപറേഷൻ ഹരിതകർമ സേന വഴി പ്ലാസ്റ്റിക്, തുണി തുടങ്ങിയവ ശേഖരിക്കുന്നുവെങ്കിലും ഡയപർ, നാപ്കിൻ പോലുള്ളവയുടെ സംസ്കരണം വലിയ പ്രശ്നമാണ്. കുട്ടികൾക്കൊപ്പം കിടപ്പുരോഗികളും വ്യാപകമായി ഡയപർ ഉപയോഗിക്കുന്നു. സ്ത്രീകളുടെ നാപ്കിൻ ഉപയോഗവും കൂടി.
15 പാഡുകളോളം ഒരാൾ ഓരോ മാസവും ഉപയോഗിക്കുന്നതായാണ് കണക്ക്. ഇവ കത്തിക്കുമ്പോൾ പ്ലാസ്റ്റിക്കും ജെല്ലും ചേർന്ന് വിഷപ്പുകയുയരും. മാലിന്യങ്ങൾ പാതയോരത്തും മറ്റും കുമിഞ്ഞുകൂടുന്നത് സ്ഥിരമാണ്.
കോർപറേഷന്റെ പുതിയ പദ്ധതിക്ക് മൊബൈൽ ആപ് വഴി ഏകോപനമുണ്ടാക്കാനും ശ്രമിക്കും. തിരഞ്ഞെടുക്കുന്ന കമ്പനികൾ നിക്ഷേപമായി ലക്ഷം രൂപ കോർപറേഷന് നൽകണം. ഇത്തരം മാലിന്യസംസ്കരണത്തിന് (കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ഇപ്പോൾ കൊച്ചിയിൽ സംവിധാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.