അമൃത യുക്രെയ്നിൽ നിന്നെത്തി; കുടുംബം ആഹ്ലാദത്തിൽ
text_fieldsനരിക്കുനി: അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് സർക്കാറിന്റെ രക്ഷാദൗത്യത്തിലൂടെ നാട്ടിലെത്തിയതിന്റെ ആഹ്ലാദത്തേരിലാണ് അമൃത. പടിഞ്ഞാറൻ യുക്രെയ്നിൽ എം.ബി.ബി.എസ് വിദ്യാർഥിനിയായ വി.സി. അമൃത റുമേനിയയിലെ ബുക്കാറസ് വഴിയാണ് ഞായറാഴ്ച രാത്രി കൂട്ടുകാർക്കൊപ്പം ഡൽഹിയിലെത്തിയത്.
അവിടെ നിന്ന് നോർക്ക ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ബംഗളൂരുവിലേക്കും തുടർന്ന് കൊച്ചിയിലേക്കും യാത്ര തിരിക്കുകയായിരുന്നു. കൊച്ചിയിൽനിന്ന് കാർ മാർഗമാണ് നാട്ടിലെത്തിയത്. ചെങ്ങോട്ടുപൊയിൽ വി.സി. മനോഹരൻ-ബിന്ദു ദമ്പതികളുടെ മകളാണ്.
യുദ്ധവാർത്തകൾ കേട്ടുതുടങ്ങിയതോടെ അമൃതയുടെ കുടുംബാംഗങ്ങളും മറ്റ് ബന്ധുക്കളും ആശങ്കയുടെ ദിനരാത്രങ്ങളായിരുന്നു തള്ളിനീക്കിയിരുന്നത്. മകളുടെ വരവിനായി പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു കുടുംബം. ഓരോ വാർത്താബുള്ളറ്റിനും ചാനലിലൂടെ കേൾക്കുമ്പോൾ ഓരോ മലയാളി വിദ്യാർഥികളുടെയും വിവരം അറിയുകയായിരുന്നു കുടുംബം. കഴിഞ്ഞ വെള്ളിയാഴ്ച കോളജ് ഹോസ്റ്റലിൽനിന്ന് ബസിലാണ് റുമേനിയൻ അതിർത്തിയിലേക്ക് അമൃതയും കൂട്ടുകാരും പുറപ്പെട്ടത്. സർട്ടിഫിക്കറ്റുകൾപോലും എടുക്കാതെയുള്ള വരവിൽ നാട്ടിലെത്തിയതിന്റെ ആശ്വാസവും സന്തോഷവും കുടുംബാംഗങ്ങളുമായും പങ്കുവെക്കുന്നുണ്ടെങ്കിലും മനസ്സിൽ തുടർ പഠനത്തെക്കുറിച്ചുള്ള ആശങ്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.