ഓണത്തിന് നിറംപകർന്ന് തരിശുനിലത്തെ പൂകൃഷി
text_fieldsനരിക്കുനി: തരിശ്ശായി കിടക്കുന്ന സ്ഥലത്ത് കൃഷി ആരംഭിച്ച പാടം കാർഷിക കൂട്ടായ്മയുടെ നെറുകിൽ ഒരു പൊൻതൂവലായ് ചെണ്ടുമല്ലികൃഷിയും. അത്തം മുതൽ തിരുവോണം വരെ നരിക്കുനിക്കാരുടെ ഗൃഹാങ്കണത്തിൽ പാടം കാർഷിക കൂട്ടായ്മയുടെ ചെണ്ടുമല്ലിയും സ്ഥാനംപിടിക്കും. ആയിരത്തോളം ചെണ്ടുമല്ലി പൂത്തുകിടക്കുന്ന നയനാനന്ദകരമായ കാഴ്ച കാണാൻ ആബാലവൃദ്ധം ജനതയാണ് പൂപ്പാടത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
പി.കെ. ഹരിദാസൻ പ്രസിഡൻറും കെ. മനോജ് സെക്രട്ടറിയും അക്ഷയകുമാർ ട്രഷററുമായ കമ്മിറ്റിയാണ് പാടം കാർഷിക കൂട്ടായ്മ. ഓണം, വിഷു, പെരുന്നാൾ ആഘോഷവേളകളിൽ ഇവിടത്തുകാർക്ക് ഇതരസംസ്ഥാന പച്ചക്കറികളെ ആശ്രയിക്കേണ്ടതില്ല. കാർഷികവൃത്തിയിൽ സ്വയം പര്യാപ്തതയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന നാടിന് കൂടുതൽ അഭിമാനമായാണ് പൂക്കളും ഉൽപാദിപ്പിക്കുന്നത്.
നാട്ടിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വിവിധ കാർഷിക വിളകൾ കൃഷി ചെയ്യാൻ ഈ കൂട്ടായ്മ പ്രോത്സാഹിപ്പിക്കുന്നു. ഇവരുടെ പാടം പൂകൃഷി കൂടാതെ ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, മധുരക്കിഴങ്ങ്, കണ്ടിക്കിഴങ്ങ്, ചെറുകിഴങ്ങ്, വാഴ- കൂർക്ക, പച്ചക്കറി കൃഷികൾ എന്നിവയുമുണ്ട്. സർക്കാർ സർവിസിലുള്ളവരെ കൂടാതെ സർവിസിൽനിന്ന് വിരമിച്ചവരും കർഷകരും ഈ ഹരിതവിപ്ലവത്തിൽ പങ്കാളികളാണ്. നരിക്കുനി കൃഷി ഭവനിലെ ഉദ്യോഗസ്ഥരും കൃഷി ഓഫിസറും അവാർഡ് ജേതാവുമായ ദാന മുനീറും ഈ കാർഷിക കൂട്ടായ്മക്ക് കരുതലും കരുത്തുമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.