വാഹനങ്ങൾക്ക് ഭീഷണിയായി നരിക്കുനി റോഡിൽ കുഴികൾ
text_fieldsനരിക്കുനി: കുടിവെള്ള പദ്ധതിക്കായി പൈപ്പിട്ടുമൂടിയ റോഡിൽ കുഴികൾ വീണ്ടും രൂപപ്പെട്ടതോടെ അപകടവും പെരുകി. നരിക്കുനിയിൽനിന്ന് എളേറ്റിൽ വട്ടോളി വരെയും നരിക്കുനി പാറന്നൂർ റോഡിലും മടവൂർ റോഡിലുമാണ് കുഴികൾ രൂപപ്പെട്ടത്.
പൈപ്പിട്ട ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യാതെ ക്വാറിമാലിന്യമിട്ടതാണ് മഴ പെയ്തുതുടങ്ങിയതോടെ കുഴികൾ പ്രത്യക്ഷപ്പെടാൻ കാരണം. ഇരുചക്രവാഹന യാത്രക്കാരാണ് മിക്കപ്പോഴും അപകടത്തിൽപെടുന്നത്.
ദിനേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റൂട്ടിലാണ് പത്തിലേറെ കുഴികൾ രൂപപ്പെട്ടത്. തുലാവർഷം ആരംഭിക്കുന്നതിനു മുമ്പേ റോഡിൽ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ അപകടങ്ങൾ ഇനിയും വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്യാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണിക്ക് മരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും നിരന്തരം പെയ്ത മഴകൊണ്ടാണ് പണി തുടരാനാവാത്തതെന്നും പഞ്ചായത്ത് പ്രസിഡൻറ് സി.കെ. സലീം 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.