അരനൂറ്റാണ്ടിെൻറ തലയെടുപ്പുമായി രാംപൊയിൽ നാളികേര സംസ്കരണ കേന്ദ്രം
text_fieldsനരിക്കുനി: വിവിധയിടങ്ങളിൽ കൂട്ടിയിട്ട തേങ്ങാക്കൂനകൾ, അതിരാവിലെ മുതൽ തേങ്ങ പൊതിക്കുന്ന തൊഴിലാളികൾ, കൊപ്രച്ചേവിൽ ചിരട്ട ഒഴിവാക്കി തേങ്ങയുണക്കുന്നവർ തുടങ്ങി മുപ്പതോളം പേർ തൊഴിലെടുക്കുന്ന രാംപൊയിലിലെ തേങ്ങ സംസ്കരണ കേന്ദ്രം അതുവഴി പോകുന്ന ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും.
നരിക്കുനി-പടനിലം റോഡിൽ നരിക്കുനിയിൽനിന്ന് ഒരു കിലോമീറ്റർ അകലെ രാംപൊയിലിലെ തേങ്ങ സംസ്കരണ കേന്ദ്രത്തിന് അരനൂറ്റാണ്ടിെൻറ പഴക്കമുണ്ട്. ഇക്കാലത്തിനിടയിൽ ഒരു യന്ത്രവത്കരണവും നടത്താതെ പരമ്പരാഗത രീതിയിൽ തന്നെ പതിനായിരത്തിലധികം തേങ്ങ ഇവിടെ ദിവസവും സംസ്കരിക്കുന്നു. കൊപ്രയാക്കി ഉണക്കിയാണ് അധികവും വിൽപന. തൊണ്ടൊന്നിന് 90 പൈസ തോതിൽ തേങ്ങാത്തൊണ്ടും വിൽക്കുന്നു.
കയർ നിർമാണത്തിനാണ് ഇത് മിക്കവാറും ഉപയോഗിക്കുന്നത്. കൊപ്രച്ചേവിലെ പ്രധാന ഇന്ധനം ചിരട്ട തന്നെ. ബാക്കിയാവുന്നത് പ്രാദേശികമായി വിൽക്കും. ചെറിയ ഒരു മില്ലിൽ കൊപ്രയാട്ടി വെളിച്ചെണ്ണയാക്കി പ്രാദേശികമായി വിൽപനയുമുണ്ട്. തിരുവമ്പാടി, പുല്ലൂരാംപാറ, നെല്ലിപ്പൊയിൽ തുടങ്ങിയ കുടിയേറ്റ പ്രദേശങ്ങളിൽനിന്ന് വൻതോതിൽ തേങ്ങയിറക്കിയാണ് ഇവിടെ സംസ്കരണം.
രാംപൊയിലിലെ നാട്ടിപ്പാറക്കൽ അബൂബക്കറാണ് ജീവിതവൃത്തിക്ക് ഇവിടെ ആദ്യമായി സംസ്കരണം ആരംഭിച്ചത്. പിന്നീട് നെച്ചോളി ഉമ്മർ ഹാജി, കുഴിക്കുളത്തിൽ മുഹമ്മദ് എന്നിവർ ഈ മേഖലയിലേക്ക് തിരിഞ്ഞു. ലാഭം കുറവായ ഈ കച്ചവടത്തിൽ കാര്യമായൊന്നും നേടിയില്ലെങ്കിലും നിത്യവൃത്തിക്ക് വക ലഭിക്കുന്നതിനാൽ അബൂബക്കർ ഇപ്പോഴും ഈ മേഖലയിൽ പിടിച്ചുനിൽക്കുന്നു. മറ്റുള്ളവർ കൊപ്രയാക്കിയും മറ്റും ഈ രംഗത്ത് സജീവമാണ്.
കുടിയേറ്റ പ്രദേശങ്ങളിൽ തേങ്ങക്ക് നല്ല വില കൊടുക്കേണ്ടിവരുന്നതിനാൽ പലപ്പോഴും നഷ്ടക്കച്ചവടമായി മാറുകയാണെന്ന്് അബൂബക്കർ പറയുന്നു. തേങ്ങയൊന്നിന് 15 രൂപ മുതൽ 20 രൂപ വരെ കൊടുക്കേണ്ടിവരുന്നതിനാൽ സംസ്കരിക്കുമ്പോൾ കാര്യമായൊന്നും ലഭിക്കുന്നില്ല. പച്ചത്തേങ്ങ തൂക്കിവിൽക്കുന്നത് വൻ നഷ്ടമാകുമെന്നതിനാൽ കൊപ്രയാക്കിയാണ് വിൽക്കുന്നത്. സമ്പുഷ്ടമായ തേങ്ങാവെള്ളം ആർക്കും വേണ്ടാതെ ഇവിടെ പാഴാവുകയാണ്. ശാസ്ത്രീയമായ സംസ്കരണവും ഉപോൽപന്നങ്ങളുടെ ഉൽപാദനവും ആരംഭിച്ചാൽ ഈ മേഖലയിൽ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.