നരിക്കുനിയിൽ തിങ്കളാഴ്ച പരാക്രമം കാട്ടിയ നായ്ക്കും പേവിഷബാധ
text_fieldsനരിക്കുനി: നരിക്കുനിയിൽ ഒരു യുവാവിനെ കടിക്കുകയും പിന്നീട് ചത്തനിലയിൽ കണ്ടെത്തുകയുംചെയ്ത തെരുവുനായ്ക്ക് ശ്രവപരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. നായുടെ ആക്രമണത്തിൽ തിങ്കളാഴ്ച വൈകീട്ട് ഒരു യുവാവിന് കടിയേറ്റിരുന്നു. പൂക്കോട് വെറ്ററിനറി കോളജിലേക്ക് അയച്ച സാമ്പിൾ ഫലം പോസിറ്റിവായതോടെ ജനങ്ങൾ ആശങ്കയിലാണ്.
ആറുദിവസം മുമ്പായിരുന്നു ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിൽപെട്ട കാരുകുളങ്ങര, മൂർഖൻകുണ്ട് പ്രദേശത്ത് തെരുവുനായ് ഏഴു വയസ്സുകാരി ഉൾപ്പെടെ ആറുപേരെ കടിച്ചത്. പുറമെ വളർത്തുമൃഗങ്ങളെയും കടിച്ചിരുന്നു. പിന്നീട് ചത്ത നിലയിൽകണ്ട നായെ പൂക്കോട് വെറ്ററിനറി കേന്ദ്രത്തിൽ പരിശോധിക്കുകയും വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച പരാക്രമം നടത്തിയ നായുടെ സ്രവപരിശോധനയും പോസിറ്റിവായതോടെ ആശങ്ക വർധിച്ചു. കഴിഞ്ഞ ആഴ്ച ആക്രമണം നടത്തിയ നായിൽനിന്ന് ഈ നായിലേക്ക് പടർന്നതാകാമെന്നാണ് നിഗമനം.
ചൊവ്വാഴ്ച സ്ഥിരീകരിച്ച നായ് പറമ്പിൽ കെട്ടിയ വളർത്തുമൃഗങ്ങളെ കടിച്ചിട്ടുണ്ടോ എന്ന ആശങ്കയും നാട്ടുകാർ പരസ്പരം പങ്കുവെക്കുന്നു. വിദ്യാലയങ്ങൾ തുറന്നതോടെ രക്ഷിതാക്കളും ആശങ്കയിലാണ്. നരിക്കുനി ഗവ. ഹയർ സെക്കൻഡറിക്ക് സമീപമുള്ള ചാലിയേക്കര കുന്നുംതെരുവ് നായ്ക്കളുടെ വിഹാര രംഗമാണ്. അതാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും നെഞ്ചിടിപ്പ് വർധിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.