ഈ അധ്യാപകൻ പൊളിയാണ്; വരവ് കുതിരപ്പുറത്ത്
text_fieldsനരിക്കുനി: ആഗ്രഹങ്ങൾ നിറവേറ്റാനുള്ളതാണ്. കുതിര സവാരിയിലൂടെ ആഗ്രഹം നിറവേറ്റുകയാണ് അധ്യാപകനായ അൻഷിദ്. എരവന്നൂർ എ.യു.പി സ്കൂൾ ഹിന്ദി അധ്യാപകനായ പാലോളിത്താഴം വിളിപ്പാവിൽ അൻഷിദാണ് കുതിരപ്പുറത്ത് അക്ഷരക്കളരിയിലെത്തുന്നത്.
സ്കൂൾ അങ്കണത്തിലെത്തിയാൽ പിന്നെ വിദ്യാർഥികളുടെ ആരവമാണ്. കുറച്ചുസമയം സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്കൊപ്പം. ഫസ്റ്റ് ബെൽ മുഴങ്ങിയാൽ പിന്നെ കുതിര സ്കൂളിന്റെ പിറകിലായിരിക്കും. സ്കൂൾ പ്രവേശനോത്സവ സമയത്താണ് ആദ്യമായി സ്കൂളിലേക്ക് കുതിരപ്പുറത്ത് വന്നത്. ഇന്ധന വില കൂടിവരുമ്പോൾ ആശ്വാസമാണ് ഈ കുതിരയാത്ര. ബൈക്കിനേക്കാൾ ആനന്ദലഹരിയാണ് കുതിര സവാരി എന്ന് അൻഷിദ് പറയുന്നു.
സുഹൃത്തും അധ്യാപകനുമായ ഷഹിം മുഹമ്മദലിയുമായി ചേർന്നാണ് മഹാരാഷ്ട്രയിൽനിന്ന് പൂനൂരിൽ കൊണ്ടുവന്ന പെൺകുതിരയെ അൻഷിദ് വാങ്ങിയത്. പരിശീലകരൊന്നുമില്ലാതെ വിഡിയോ കണ്ടാണ് സവാരി പഠിച്ചത്. കുതിര പരിശീലകരായ കത്തറമ്മൽ ഹബീബ്, ജൗഹർ ചീക്കിലോട്, ഫവാസ് കരുവാരക്കുണ്ട് എന്നിവരുടെ നിർദേശങ്ങളും പ്രയോജനമായി.
കുതിരയുമായി ആത്മബന്ധം വേണമെന്ന് അൻഷിദ് പറയുന്നു. ബാല്യത്തിലെ മനസ്സിൽ മൊട്ടിട്ട മോഹമാണ് കുതിര സവാരി. സുഹൃത്തിന്റെ വീട്ടിലാണ് കുതിരയെ പാർപ്പിച്ചിരിക്കുന്നത്. രാവിലെ തീറ്റ കൊടുത്താൽ ഒരു മണിക്കൂർ കഴിഞ്ഞേ സവാരി ചെയ്യാൻ പറ്റൂ. അതുകൊണ്ട്, മിക്ക ദിവസങ്ങളിലും ഉച്ചക്കുശേഷമാണ് കുതിരപ്പുറത്ത് സ്കൂളിലെത്തുന്നത്. മൂന്നു വയസുള്ള ഈ നാടൻ പെൺകുതിരയുടെ പേര് അറബിയിൽ ആകാശം എന്ന് അർത്ഥം വരുന്ന സമാ എന്നാണ്. സ്കൂളിനു പുറമെ മടവൂർ, പാലത്ത് എന്നിവിടങ്ങളിലും കുതിരപ്പുറത്ത് സഞ്ചരിച്ചതായി അൻഷിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.