കൊടോളി -ഓടുപാറ പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷം
text_fieldsനരിക്കുനി: കൊടോളി ഓടുപാറ പ്രദേശത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കുകയും റോഡിലൂടെ പോകുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നു. ഓടുപാറ ദേശത്ത് പെരിക്കോറമല, പറമ്പിൽ പുറായിൽ, മുക്കാലും പാറ, ഓട്ടുപാറക്കപ്പൊയിൽ തുടങ്ങിയ പറമ്പുകളിൽ കൃഷി ചെയ്തിരിക്കുന്ന തെങ്ങുകൾ, വാഴകൾ, ചേമ്പ്, ചേന, കപ്പ എന്നീ വിളകളാണ് പന്നികൾ നശിപ്പിച്ചത്. മുക്കാലും പാറയിൽ കൃഷിസ്ഥലത്ത് കൂട്ടിയിട്ട നാളികേരം നശിപ്പിച്ചതായും പ്രദേശവാസികൾ പറഞ്ഞു.
കൊടോളി പ്രദേശത്ത് കുടുകാക്കിൽ മീത്തൽ, പുത്തലത്ത് താഴം എന്നീ വയലുകളിലെ കപ്പ, വാഴ, തെങ്ങിൻ തൈകൾ എന്നിവയാണ് നശിപ്പിച്ചത്. മുള്ളൻ പന്നികളാണ് ചെറുകിട വിളകൾ കൂടുതലും നശിപ്പിക്കുന്നത്. കൃഷിയിടങ്ങളിൽ കൃഷിക്കാർ വലകളും വേലികളും കെട്ടി പ്രതിരോധം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഒരു പ്രയോജനവുമില്ലെന്നും അധികൃതർ പന്നികളെ തുരത്തുന്നതിന് അനുമതി നൽകുകയോ കൂടുവെച്ച് പിടിക്കുകയോ അല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കോവിഡ് കാലത്തു പ്രതിസന്ധിയിലൂടെ ജീവിതം മുന്നോട്ടുനീക്കുന്ന ചെറുകിട കർഷകർക്ക് പന്നികൾ കൃഷി നശിപ്പിക്കുന്നത് ഇരുട്ടടിയായിരിക്കുകയാണ്. കൃഷി നശിച്ച കർഷകർക്കു അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.