കല്ലുത്താൻകടവ് പദ്ധതിയിലൂെട കോഴിക്കോട് കോർപറേഷന് ദേശീയ അംഗീകാരം
text_fieldsകോഴിക്കോട്: സംസ്ഥാനത്തിന് മാതൃകയായ കല്ലുത്താൻകടവ് ചേരിപരിഷ്‌കരണ പദ്ധതിയിലൂടെ കോഴിക്കോട് കോർപറേഷന് ദേശീയ അംഗീകാരം. രാജ്യത്തെ 720 സ്ഥാപനങ്ങളിൽനിന്നുള്ള നോമിനേഷനുകളിൽനിന്നാണ് കല്ലുത്താൻകടവ് പദ്ധതിയെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയരായ എൻ.ജി.ഒ. ആയ സ്‌ക്കോച്ച് ഇന്‍റർനാഷണൽ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
സ്ക്കോച്ച് ഓർഡർ ഓഫ് മെറിറ്റ് 2020 പുരസ്കാരത്തിൽ രണ്ടാം സ്ഥാനമാണ് കോഴിക്കോടിന് ലഭിച്ചത്. മലിനജലം ചാലിട്ടൊഴുകുന്ന കല്ലുത്താൻകടവിലെ ചേരിയിൽ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ച ഒറ്റമുറിവീടുകളിൽ ദുരിതജീവിതം നയിച്ചിരുന്ന കുടുംബങ്ങളെ 2019 ഡിസംബറിലാണ് പുതിയ ഫ്ലാറ്റ് പണിതുനൽകി കോർപറേഷൻ പുനരധിവസിപ്പിച്ചത്. 141 ഫ്ലാറ്റുകളടങ്ങുന്ന സമുച്ചയം കോളനിയുടെ തൊട്ടപ്പുറത്തുതന്നെ പണിയുകയായിരുന്നു. മറ്റുചേരികളിൽ കഴിയുന്ന ഏതാനും കുടുംബങ്ങളെക്കൂടി ഇവിടേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യമുണ്ട്.
നഗരസഭ ഒരു തുകയും ചെലവഴിക്കാതെ സ്വകാര്യ പങ്കാളിത്തത്തോടെ മനോഹരമായ രീതിയിലാണ് പദ്ധതി നടപ്പാക്കിയതെന്ന് ജൂറി വിലയിരുത്തി. സർക്കാർ പദ്ധതികളിൽ സ്വകാര്യപങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞതിനെ ജൂറി അഭിനന്ദിച്ചു. ഈ മാതൃക മറ്റു നഗരങ്ങളിൽ നടപ്പാക്കാമെന്നും ജൂറി അഭിപ്രായപ്പെട്ടു.
പേൾ ഹൈറ്റ്സ് എന്ന എഴു നിലകളിലായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ ലിഫ്റ്റ്, ജനറേറ്റർ സംവിധാനം, യോഗങ്ങൾ കൂടുന്നതിനുള്ള സൗകര്യങ്ങൾ എല്ലാം സജ്ജീകരിച്ചിട്ടുണ്ട്. കല്ലുത്താൻ കടവ് ഏരിയ ഡവല്പ്‌മെന്‍റ് കമ്പനിയാണ് ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചത്. കോളനിയിൽ കഴിഞ്ഞ 88 കുടുംബങ്ങളാണ് ഇവിടേക്ക് താമസം മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.