ഓളപ്പരപ്പിൽ അങ്കം കുറിക്കാൻ പിതാവും പുത്രനും
text_fieldsകോഴിക്കോട്: ഓളപ്പരപ്പിൽ നീന്തിത്തുടിച്ച് ദേശീയ മെഡൽ വേട്ടക്ക് തുഴയെറിഞ്ഞ് പിതാവും പുത്രനും. സ്റ്റേറ്റ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ, ജില്ല സ്പോർട്സ് കൗൺസിൽ നീന്തൽ പരിശീലകൻ ആർ.വി. വിപിൻ രാജും പിതാവ് രാജഗോപാലുമാണ് ദേശീയ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിന് തയാറെടുക്കുന്നത്.
കുട്ടിക്കാലത്ത് വീടിനു സമീപത്തെ കുളത്തിൽ നീന്തലിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ച അച്ഛന് ഇന്ന് ദേശീയ ചാമ്പ്യൻഷിപ്പിന് വേണ്ട വിദഗ്ധ പരിശീലനം നൽകുമ്പോൾ വിപിന് ചാരിതാർഥ്യനിമിഷം കൂടിയാണ്. രാവിലെയും വൈകീട്ടും നടക്കാവ് നീന്തൽകുളത്തിലാണ് അച്ഛനും മകനും പരിശീലിക്കുന്നത്.
പ്രായം തളർത്താത്ത ആവേശത്തോടെ വെള്ളത്തിൽ ഊളിയിട്ടിറങ്ങുന്ന 77കാരനായ രാജഗോപാൽ ബാക് സ്ട്രോക്ക് (75-79) ഇനത്തിൽ സംസ്ഥാന തലത്തിൽ സ്വർണ പതക്കം നേടിയാണ് ദേശീയ മെഡൽ വേട്ടക്ക് ഇറങ്ങിയത്. 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക്, 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് എന്നിവയിൽ സ്വർണം നേടിയാണ് വിപിൻ യോഗ്യത നേടിയത്.
വിപിൻ അഞ്ചാം ക്ലാസ് മുതൽ സ്കൂൾ തല ചാമ്പ്യൻഷിപ്പുകളിലും മറ്റ് ക്ലബ് മത്സരങ്ങളിലും പങ്കെടുക്കുകയും മെഡലുകൾ നേടുകയും ചെയ്തിട്ടുണ്ട്. രാജഗോപാൽ ആദ്യമായാണ് മത്സരങ്ങളിൽ അങ്കം കുറിക്കുന്നത്. ഈമാസം 23മുതൽ 26 വരെ മംഗളൂരുവിലാണ് ദേശീയ നീന്തൽ ചാമ്പ്യൻഷിപ് നടക്കുന്നത്. വെസ്റ്റ് ഹിൽ ചക്കോരത്തുകുളം കൊടുവള്ളിവയൽ ആർ.വി നിവാസിൽ രാജഗോപാൽ മാനാഞ്ചിറ കോമൺവെൽത്തിലെ തൊഴിലാളിയാണ്. മകനൊപ്പം ദേശീയ തലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് രാജ ഗോപാലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.