വിദ്യാർഥിയുടെ ആത്മഹത്യ എൻ.സി.ആർ.ബിയുടെ പേരിൽ വ്യാജ സന്ദേശം വന്നത് വിദേശത്തുനിന്ന്
text_fieldsകോഴിക്കോട്: നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) പേരിൽ വ്യാജ സന്ദേശം ലഭിച്ചതിനെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വിദ്യാർഥിയുടെ ലാപ്ടോപ്പിലേക്ക് പണം ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശം വന്നത് വിദേശ രാജ്യത്തുനിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സന്ദേശത്തിന്റെ ഐ.പി വിലാസം പോളണ്ടിൽ നിന്നുള്ളതാണ് എന്നാണ് വിവരം ലഭിച്ചത്. എന്നാൽ, തുക അയക്കാനാവശ്യപ്പെട്ട ബാങ്ക് അക്കൗണ്ട് നമ്പർ ബംഗളൂരുവിലെ ബുക്ക് ആപ്പിന്റെ പേരിലുള്ളതാണ്.
ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. വിശദ പരിശോധനക്കായി വിദ്യാർഥിയുടെ ലാപ്ടോപ് പൊലീസ് കസ്റ്റഡിയിലെടുത്ത് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ലാപ്ടോപ്പിൽ സിനിമ കണ്ടുകൊണ്ടിരിക്കെ ലഭിച്ച വ്യാജ സന്ദേശം കണ്ട് ഭയന്ന് ഇരുവള്ളൂർ സ്വദേശിയായ 16കാരനാണ് താമസിക്കുന്ന ചേവായൂരിലെ ഫ്ലാറ്റിൽ സെപ്റ്റംബർ അവസാനം തൂങ്ങിമരിച്ചത്.
ചേവായൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണെന്നും ഹാക്കർമാർ എന്ന് സംശയിക്കുന്നവരെക്കുറിച്ച് സൂചനകൾ ലഭിച്ചെന്നും സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ പറയാൻ അന്വേഷണം പൂർത്തിയാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥി മരിക്കുന്നതിന് തൊട്ടുമുമ്പ് ലാപ്ടോപ്പിൽ സിനിമ കണ്ടപ്പോൾ നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും 33,900 രൂപ നൽകിയില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ വിവരം നൽകി അറസ്റ്റ് ചെയ്യിക്കുമെന്നും നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടേതിന് സമാനമായ സൈറ്റിൽനിന്ന് സന്ദേശം വരുകയായിരുന്നു.
മാത്രമല്ല ആറുമണിക്കൂറിനുള്ളിൽ പണം നൽകിയില്ലെങ്കിൽ രണ്ടുലക്ഷം രൂപ പിഴയും രണ്ടുവർഷം തടവും ലഭിക്കുമെന്നും ഭീഷണി വന്നിരുന്നു. എൻ.സി.ആർ.ബിയുടെ വ്യാജ ലോഗോ അടക്കം ഉൾപ്പെടുത്തി വന്ന സന്ദേശം കുട്ടിയിൽ ഭീതിയുളവാക്കുകയും മാനസിക സമ്മർദമുണ്ടാക്കിയെന്നുമാണ് കരുതുന്നത്. വിദ്യാർഥിയുടെ ആത്മഹത്യാ കുറിപ്പിൽനിന്നാണ് ഭീഷണി സന്ദേശം വന്നതടക്കമുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.