എലിവേറ്റഡ് ഹൈവേ നിർമാണത്തിന് ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി; വടകര പട്ടണം രണ്ടായി മുറിയില്ല
text_fieldsവടകര: മുറവിളികൾക്കൊടുവിൽ എലിവേറ്റഡ് ഹൈവേ നിർമിക്കാൻ ദേശീയപാത അതോറിറ്റി പച്ചക്കൊടി കാട്ടി. ഇതോടെ ദേശീയപാത വടകര നഗരത്തിലൂടെ കടന്നുപോകുമ്പോൾ മണ്ണിട്ടുയർത്തി പാത നിർമിക്കുമ്പോൾ പട്ടണം രണ്ടായി വിഭജിക്കപ്പെടുമോയെന്ന ആശങ്ക നീങ്ങുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വടകരയിലെ എൻജിനീയർമാർ അടങ്ങുന്ന പൗരാവകാശ കൂട്ടായ്മ പഠനം നടത്തി ദേശീയപാത അതോറിറ്റിക്ക് രൂപരേഖ സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെ വിവിധ കോണുകളിൽനിന്നും ഉയർന്നുവന്ന ശക്തമായ സമ്മർദത്തെ തുടർന്ന് എലിവേറ്റഡ് പാത നിർമിക്കാൻ അധികൃതർ തയാറാവുകയായിരുന്നു.
വടകര പുതിയ സ്റ്റാൻഡ് മുതൽ അടക്കാതെരുവ് വരെയുള്ള 800 മീറ്റർ ദൂരത്തിലാണ് എലിവേറ്റഡ് ഹൈവേ (മേൽപ്പാത) നിർമിക്കുക. പെരുവാട്ടുംതാഴെ വരെ മേൽപാലം നിർമിക്കണമെന്ന ആവശ്യമാണ് നേരത്തേ ഉയർത്തിയത്. എന്നാൽ, ടൗണിന്റ പ്രധാന ഭാഗം ഉൾപ്പെടുത്തി അംഗീകാരം നൽകുകയാണുണ്ടായത്. ഇതോടൊപ്പം കണ്ണൂക്കരയിൽ പുതുതായി അടിപ്പാത നിർമിക്കാനും തീരുമാനമായി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, എം.എൽ.എമാരായ കെ.കെ. രമ, കാനത്തിൽ ജമീല എന്നിവർ ദേശീയപാത അതോറിറ്റി അധികൃതരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയപാത വികസനവുമായി ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ അധികൃതരുടെ മുമ്പാകെ എം.എൽ.എമാർ മുന്നോട്ടുവെച്ചിരുന്നു.
കുഞ്ഞിപ്പള്ളി മുതൽ മുക്കാളിവരെയുള്ള ഭാഗങ്ങളിൽ സർവിസ് റോഡ്, നാദാപുരം റോഡ്, മടപ്പള്ളി കോളജ്, പാലോളിപ്പാലം എന്നിവിടങ്ങളിൽ അടിപ്പാത നിർമിക്കണമെന്നും ദേശീയപാതയിലെ മതിൽ നിർമാണത്തിലെ ദുരിതത്തിന് പരിഹാരം കാണണമെന്നും കെ.കെ. രമ എം.എൽ.എ അധികൃതരോട് ആവശ്യപ്പെട്ടു. ടോൾ പ്ലാസ വരുന്നതിന്റെ ഭാഗമായി കുഞ്ഞിപ്പള്ളിയിലെയും മുക്കാളിയിലെയും ജനങ്ങൾക്കുള്ള ആശങ്കയകറ്റാൻ കലക്ടറുടെ നേതൃത്വത്തിൽ ഇടപെടൽ നടത്താൻ തീരുമാനിച്ചതായും മേഖലയിലെ ജന പ്രതിനിധികളുടെ യോഗം വിളിച്ച് വിശദമായ ചർച്ച നടത്തുമെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.