ദേശീയപാത; നഷ്ടപരിഹാരം അപര്യാപ്തമെന്ന് മുത്താഴം കോളനി നിവാസികൾ
text_fieldsപയ്യോളി: നിർദിഷ്ട തീരദേശപാതക്കുവേണ്ടി കുടിയൊഴിപ്പിക്കുന്നവർക്കായി സർക്കാർ അനുവദിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് മൂടാടി ഗ്രാമപഞ്ചായത്തിലെ വീമംഗലം മുത്താഴം കോളനി നിവാസികൾ.
കോളനിയിലെ നിരവധി പേരുടെ വീടും സ്ഥലവുമാണ് കുടിയൊഴിപ്പിക്കേണ്ടിവരുന്നത്. പത്ത് സെൻറ് വരെ ഭൂമി നഷ്ടപ്പെടുന്നവർ ഇക്കൂട്ടത്തിലുണ്ട്. 700 മുതൽ 1200 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകൾ ഏറ്റെടുക്കേണ്ടിവരും. നിലവിൽ കടൽതീരത്തുനിന്ന് 200 മീറ്റർ ദൂരെ താമസിക്കുന്നവർക്ക് കുടിയൊഴിപ്പിക്കപ്പെടുമ്പോൾ 10 ലക്ഷം രൂപയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. സ്ഥലമേെറ്റടുപ്പ് നടപടികളുടെ ഭാഗമായി നടത്തുന്ന സത്യവാങ്മൂലത്തിൽ തുക വാങ്ങി സ്വമേധയാ വീടും സ്ഥലവും ഒഴിഞ്ഞു പോകാമെന്ന് ഒപ്പിട്ടുനൽകാൻ ആവശ്യപ്പെടുന്നതായി ഇവർ പറയുന്നു. നിർദിഷ്ട തീരദേശപാത കടന്നുപോകുന്ന ഭാഗത്തുനിന്ന് വീണ്ടും 200 മീറ്റർ അകലം പാലിച്ചുവേണം പുതിയ വീട് നിർമിക്കാനെന്നും വ്യവസ്ഥയുണ്ട്. എന്നാൽ, വീണ്ടും 200 മീറ്റർ അകലം വരുമ്പോഴേക്കും നിലവിലെ ദേശീയപാതക്ക് സമീപമാണ് സ്ഥലം ലഭ്യമാവുകയെന്നും ലഭിക്കുന്ന പത്തുലക്ഷം രൂപക്ക് ഇവിടെ രണ്ട് സെൻറ് ഭൂമി പോലും വാങ്ങാൻ കഴിയില്ലെന്നും കോളനി നിവാസികൾ പറയുന്നു.
അതേസമയം, മേഖലയിൽ ഭൂരിഭാഗം കുടുംബങ്ങളുടെയും ഉപജീവനമാർഗം മീൻപിടിത്തമായതിനാൽ കുറഞ്ഞ തുകക്ക് ഭൂമി ലഭിക്കുന്ന നാടുകളിലേക്ക് കുടിയേറുമ്പോൾ വരുമാനത്തെ സാരമായി ബാധിക്കുകയും ചെയ്യും. പുനരധിവാസത്തിനായി അനുവദിച്ച തുക വളരെ അപര്യാപ്തമാണെന്നും കുറഞ്ഞത് മുപ്പത് ലക്ഷം രൂപയെങ്കിലും അനുവദിക്കണമെന്നും കോളനി നിവാസികളുടെ യോഗം ആവശ്യപ്പെട്ടു. വാർഡ് മെംബർ പി.പി. കരീം യോഗം ഉദ്ഘാടനം ചെയ്തു. ടി.പി. ഹമീദ് അധ്യക്ഷത വഹിച്ചു. യു.കെ.ഹമീദ്, കുഞ്ഞായിൻ കുട്ടി, എം.കെ. ഷഫീഖ്, ഇമ്പിച്ചാലി, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.