ദേശീയപാത നവീകരണ പ്രവൃത്തി; കുടിവെള്ളം മുടങ്ങി ജനം സമരത്തിനിറങ്ങി
text_fieldsകോഴിക്കോട്: ദേശീയപാത നവീകരണം നടക്കുമ്പോൾ പൈപ്പുകൾ പൊട്ടി കുടിവെള്ളം മുട്ടിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു.
പൊക്കുന്ന്-കുറ്റിയിൽ താഴം ഭാഗത്തുള്ള സ്ത്രീകളടക്കമുള്ള നാട്ടുകാരാണ് മലാപ്പറമ്പ് ജല അതോറിറ്റി ഓഫിസിലെത്തി എക്സിക്യൂട്ടിവ് ഓഫിസറെ ഉപരോധിച്ചത്. ഉപരോധം കടുത്തതോടെ മറ്റ് ഉദ്യോഗസ്ഥരടക്കമുള്ളവരെ വിളിച്ചുവരുത്തി ചർച്ച ചെയ്ത ശേഷം പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്.
ദേശീയപാത ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവർ നാട്ടുകാരുടെ മുന്നിലെത്തി. നാട്ടുകാർ ഉദ്യോഗസ്ഥരുമായി പ്രശ്നം ചർച്ച ചെയ്തു. പൊട്ടിയതെല്ലാം പെട്ടെന്ന് നന്നാക്കാമെന്ന് അവർ ഉറപ്പുനൽകി. ദേശീയപാത നന്നാക്കുമ്പോൾ രണ്ടുഭാഗത്തും ഓവുചാലും മറ്റും പണിയുന്നതിനിടെ പൈപ്പ് മാറ്റുമ്പോൾ കുടിവെള്ളം മുടങ്ങാത്ത വിധം പുതിയ ലൈൻ ഇട്ടശേഷമേ പണിയെടുക്കുള്ളൂവെന്നും അധികൃതർ ഉറപ്പു നൽകിയതായി കോർപറേഷൻ കൗൺസിലർമാർ അറിയിച്ചു. സൈബർ പാർക്ക്, ഹൈലൈറ്റ് കെട്ടിടങ്ങൾ എന്നിവക്കടുത്താണ് ഏറ്റവുമൊടുവിൽ പൈപ്പ് പൊട്ടിയത്.
പൈപ്പ് പൊട്ടി വെള്ളം മുടങ്ങുന്നത് പതിവാണ്.
കോർപറേഷൻ കൗൺസിലർമാരായ എം.പി. സുരേഷ്, ഈസ അഹ്മദ് എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടിവ് എൻജിനീയർ ഡി. വിജിൽസിനെ വ്യാഴാഴ്ച രാവിലെ 10.30ഓടെ നാട്ടുകാരെത്തി ഉപരോധിക്കുകയായിരുന്നു.
കുറ്റിയിൽതാഴം പ്രദേശം ഉയർന്നതായതിനാൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ജല അതോറിറ്റിയുടെ കോവൂർ ടാങ്കിൽ നിന്നുള്ള വെള്ളമാണ് ഈ മേഖലയിലേക്ക് വരുന്നത്.
ഈ ഭാഗത്തേക്ക് മാത്രമായാണ് ഇവിടെ നിന്ന് കണക്ഷൻ നൽകിയിരിക്കുന്നത്.
എൻ.എച്ചിന്റെ പണി ആരംഭിച്ചശേഷം നിരവധി തവണ പൈപ്പ് പൊട്ടിയെന്ന് നാട്ടുകാർ പറയുന്നു. പലേടത്തും നന്നാക്കിയ ഉടൻ വീണ്ടും പൊട്ടി. നന്നാക്കിയശേഷം പൈപ്പിൽ വെള്ളം സാധാരണ പോലെയാവണമെങ്കിൽ രണ്ടുദിവസം കഴിയും.
ചെറിയ അളവിൽ മാത്രം വെള്ളമെത്തുന്നതും കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു. എരഞ്ഞിക്കൽ, മൊകവൂർ അമ്പലപ്പടി ഭാഗങ്ങളിലും ബൈപാസ് പണിക്കിടെ പൈപ്പ് പൊട്ടുന്നത് സ്ഥിരമാണ്. ആഴ്ചകളോളം വെള്ളം ഈ ഭാഗങ്ങളിലും മുടങ്ങിയിരുന്നു. അവിടെയും പ്രതിഷേധമുയർന്നതോടെ പൈപ്പ് നന്നാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.