മഴ മാറിയിട്ടും കുഴികളടക്കാതെ ദേശീയപാത
text_fieldsപയ്യോളി: മഴ മാറി വെയിലായിട്ടും ദേശീയപാതയിലെ കുഴികളടക്കാത്തതിൽ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ഒരുമാസത്തോളം പെയ്ത മഴയെ തുടർന്നാണ് ദേശീയപാതയിൽ പരക്കെ കുഴികൾ രൂപപ്പെട്ടിരുന്നത്.
അയനിക്കാട് പള്ളി ബസ് സ്റ്റോപ് പരിസരത്തും നന്തി മേൽപാലത്തിലും മൂടാടി ടൗണിന് സമീപവും ദേശീയപാത പൂർണമായും പൊട്ടിപ്പൊളിഞ്ഞ് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. പലയിടങ്ങളിലും നിലവിലെ ഉപരിതലം അടർന്നുനിൽക്കുകയാണ്.
മഴ പെയ്യുമ്പോൾ വെള്ളം ഒഴുകിപ്പോവാൻ കഴിയാതെ കെട്ടിനിൽക്കുന്നതാണ് അയനിക്കാട് പള്ളിക്ക് സമീപം റോഡ് തകരാൻ കാരണമായത്. വെള്ളം ഒഴുകിപ്പോവാൻ കഴിയാത്തരീതിയിൽ ഇരുഭാഗത്തും മണ്ണിട്ട് ഉയർത്തി അശാസ്ത്രീയമായ രീതിയിലുള്ള റോഡ് വികസനപദ്ധതിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമിച്ച നന്തി മേൽപാലം എല്ലാവർഷവും മഴക്കാലത്തോടെ പൊട്ടിപ്പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെടുന്നത് പതിവായി. മൂടാടി ടൗണിന് സമീപം വടകര ഭാഗത്തേക്കുള്ള റോഡ് 300 മീറ്ററോളം തകർന്ന് തരിപ്പണമായി. ഇവിടെയും കഴിഞ്ഞ മഴക്കാലശേഷം കുഴിയടക്കൽ പ്രഹസനം അരങ്ങേറിയിരുന്നു. വീണ്ടും പഴയ അവസ്ഥയേക്കാൾ ഭീകരമായിരിക്കുകയാണ് ഇവിടെ.
കുഴികളിൽ ചാടി ഇരുചക്രവാഹനക്കാർക്ക് രാത്രികാലങ്ങളിൽ പരിക്കേൽക്കുന്നത് നിത്യസംഭവമായി. അത്യാസന്ന രോഗികളെയും വഹിച്ച് അതിവേഗതയിൽ പോവേണ്ട ആംബുലൻസുകൾ കുഴികളിൽ ചാടിച്ച് ഏറെ അപകടകരമായാണ് കടന്നുപോവുന്നത്.
മേഖലയിൽ ദേശീയപാത റീ ടാർ ചെയ്തിട്ട് അഞ്ചു വർഷത്തിലേറെയായി.
ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നത് കാരണമാണ് റീ ടാറിങ് പ്രവൃത്തി നടക്കാത്തത്. എന്നാൽ, 2025ൽ മാത്രമേ വികസന പ്രവൃത്തികൾ പൂർത്തിയാവുകയുള്ളൂ. രണ്ട് പ്രളയമടക്കം അഞ്ചു മഴക്കാലം കഴിഞ്ഞിട്ടും റോഡിലെ കുഴികളടക്കൽ വഴിപാടായി മാറിയതാണ് നിലവിലെ ദുരിതത്തിന് കാരണം.
ദേശീയപാത വികസനം ബാധിക്കാത്ത നന്തി - കൊയിലാണ്ടി റൂട്ടിലും റീ ടാറിങ് പ്രവൃത്തി വർഷങ്ങളായി നടക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.