ദേശീയപാത നിർമാണം; ചോമ്പാല ബ്ലോക്ക് ഓഫിസ് മുതൽ മുക്കാളി വരെ റോഡിന് ഇരുവശത്തും നിർമാണ വിലക്ക്
text_fieldsവടകര: ദേശീയപാതയിൽ ടോൾ പ്ലാസ കടന്നുപോകുന്ന ചോമ്പാല ബ്ലോക്ക് ഓഫിസ് മുതൽ മുക്കാളി വരെ റോഡിന് ഇരുവശത്തുമായി ഒരു കിലോമീറ്ററിൽ നിർമാണ വിലക്ക്. ദേശീയപാത അതോറിറ്റിയാണ് വിലക്കേർപ്പെടുത്തിയ ഉത്തരവിറക്കിയത്. ദേശീയപാത നിർമാണത്തിനായി കെട്ടിടവും സ്ഥലവും വിട്ടുനൽകിയവർക്ക് സർവിസ് റോഡ് ഇല്ലാത്തതിനു പിന്നാലെ നിർമാണ വിലക്കുകൂടിയായത് ഇരുട്ടടിയായി.
പുതിയ കെട്ടിടം നിർമിക്കണമെങ്കിൽ സ്വന്തം നിലയിൽ ഒരു കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമിക്കണമെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാകുന്നത്. കെട്ടിട നിർമാണ അനുമതിക്കായി ദേശീയപാത അതോറിറ്റിയുടെ കൺസൽട്ടൻസിക്ക് ദേശീയ പാതയോരത്തുള്ളവർ അപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയാണ് കെട്ടിടനിർമാണ വിലക്ക് അധികൃതർ അറിയിച്ചത്.
ടോൾ പ്ലാസ വരുന്നതുമൂലം ജനസാന്ദ്രത കൂടിയ ഈ മേഖലയിലെ ജനങ്ങൾ ഏറെ ആശങ്കയിലാണ്. റോഡിനു കിഴക്കും റെയിലിനിടയിലും കിടക്കുന്ന പ്രദേശമായതിനാൽ ഇവരുടെ യാത്ര ഏറെ ക്ലേശകരമായി മാറും.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ശനിയാഴ്ച പൊതുമരാമത്ത് മന്ത്രി എം.എൽ.എമാർ, എം.പിമാർ, പാത കടന്നുപോകുന്ന സ്ഥലത്തെ പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പൽ അധികൃതർ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.