അടുത്ത വർഷം തൊഴിലുറപ്പ് പദ്ധതിയിൽ പ്രാമുഖ്യം നീർത്തട-നീർച്ചാൽ സംരക്ഷണത്തിന്
text_fieldsകോഴിക്കോട്: അടുത്ത സാമ്പത്തിക വർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രാമുഖ്യം നീർത്തട -നീർച്ചാൽ സംരക്ഷണത്തിന്. നീർത്തട-നീർച്ചാൽ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിൽ 2025-26 സാമ്പത്തിക വർഷത്തെ തൊഴിൽദിനങ്ങൾ നിശ്ചയിക്കാൻ ത്രിതല പഞ്ചായത്തുകൾക്ക് നിർദേശം നൽകി. 2025-26 സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന തൊഴിൽ ദിനങ്ങളുടെ ആവശ്യകതയും അതിനു പൂരകമായ പ്രവൃത്തികളുടെ പട്ടികയും 2025-26 ഗ്രാമസഭ വർഷംതന്നെ നിശ്ചയിക്കാനാണ് നിർദേശം.
ഓരോ ഗ്രാമപഞ്ചായത്തിലെയും നീർച്ചാലുകൾ കണ്ടെത്തി അവയുടെ ദൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പ്രവൃത്തികളുടെ സമഗ്രമായ പദ്ധതിരേഖ തയാറാക്കി നിർവഹണം നടത്തുന്നതാണ് ലക്ഷ്യം. നീർത്തട അയൽക്കൂട്ടങ്ങൾ, നീർത്തട കമ്മിറ്റികൾ, ഗ്രാമപഞ്ചായത്ത് തലത്തിലെ കോഓഡിനേഷൻ കമ്മിറ്റി തുടങ്ങിയവ നീരുറവ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപവത്കരിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ ഭൂപ്രകൃതി അനുസരിച്ചും പ്രദേശത്തിന്റെ ആവശ്യകതക്കനുസരിച്ചുമാകണം പ്രവൃത്തികൾ ഉൾപ്പെടുത്തേണ്ടത്.
ശാസ്ത്രീയവും സമഗ്രവുമായ പ്രവൃത്തികൾ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തണം. പണം ദുർവിനിയോഗം ചെയ്യാതെ നീർച്ചാലിന്റെ തുടക്കം മുതൽ നീർച്ചാൽ അവസാനിക്കുന്ന പഞ്ചായത്തിന്റെ അതിർത്തി വരെയുള്ള സ്ഥലങ്ങൾക്കായി സമഗ്ര പദ്ധതി തയാറാക്കാനും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ നീർച്ചാലുകളുടെ സംരക്ഷണത്തിന് പഞ്ചായത്തുകൾ അനവധി തുക ചെലവഴിച്ചിട്ടും ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. നീർച്ചാലുകൾ, കുളങ്ങൾ തുടങ്ങിയവയുടെ ദൃഷ്ടി പ്രദേശങ്ങളിൽ ആവശ്യമായ പരിപാലന പ്രവൃത്തികൾ ഉൾപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.