ദേശീയ സീനിയർ വനിത ഫുട്ബാൾ: ശൂന്യ ഗാലറി; തല്ലിപ്പൊളി സംഘാടനം
text_fieldsകോഴിക്കോട്: ഫുട്ബാൾ പ്രേമികൾ ഇരച്ചെത്തുന്ന കോഴിക്കോട്ട് ആളൊഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കി ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ് അവസാനിക്കുമ്പോൾ ചോദ്യങ്ങൾ ബാക്കി. ചരിത്രത്തിലാദ്യമായി കേരളത്തിന് ആതിഥേയത്വം ലഭിച്ച ദേശീയ ചാമ്പ്യൻഷിപ്പ് സംഘാടകരുടെ പിടിപ്പുകേട് കാരണം തീർത്തും നിറംമങ്ങി.
സാധാരണ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ആണ് ദേശീയ ചാമ്പ്യൻഷിപ്പുകൾ നടത്തുന്നത്. സംസ്ഥാന അസോസിയേഷനായ കേരള ഫുട്ബാൾ അസോസിയേഷനാണ് (കെ.എഫ്.എ) കാര്യങ്ങൾ നടത്തുന്നത്. പണം മുടക്കുന്നതും അഖിലേന്ത്യാ ഫെഡറേഷൻ ആയിരുന്നു. ഇത്തവണ സംസ്ഥാന സർക്കാർ നേരിട്ടായിരുന്നു സംഘാടനം. സ്പോർട്സ് കേരള ഫൗണ്ടേഷൻ എന്ന വെള്ളാന സംവിധാനമാണ് ചാമ്പ്യൻഷിപ് നടത്തുന്നതിൽ മുൻ നിരയിലുണ്ടായിരുന്നത്. സംസ്ഥാന സർക്കാറിന്റെ കായികമേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് സ്പോർട്സ് കൗൺസിലാണ്.
എന്നാൽ, പ്രഗല്ഭരായ കായികതാരങ്ങളും സംഘാടകരുമടങ്ങിയ സ്പോർട്സ് കൗൺസിലിനെ നോക്കുകുത്തിയാക്കിയാണ് സ്പോർട്സ് കേരള ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. ദേശീയ വനിത സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നിരവധി ടൂർണമെൻറുകൾ വിജയകരമായി നടത്തിയ ജില്ല ഫുട്ബാൾ അസോസിയേഷനെപോലും വിശ്വാസത്തിലെടുക്കാൻ സ്പോർട്സ് കേരള ഫൗണ്ടേഷൻ തയാറായില്ല.
ഒന്നര ലക്ഷത്തിലേറെ രൂപ മാസശമ്പളമാണ് സ്പോർട്സ് കേരള ഫൗണ്ടേഷെൻറ തലവന് സർക്കാർ നൽകുന്നത്. ഈ സംഘടനയുടെ നിലപാടിൽ നീരസമുള്ള കെ .എഫ്.എ ഭാരവാഹികളിൽ ചിലർ ചാമ്പ്യൻഷിപ് വേദികളിലേക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല. ഒന്നോ രണ്ടോ വേദികളിൽ നടത്തേണ്ടതിന് പകരം നാലു വേദികളിലായാണ് മത്സരം നടന്നത്. ഇതിനായി ലക്ഷങ്ങളാണ് ചെലവഴിച്ചത്.
ദേശീയ ചാമ്പ്യൻഷിപ് നടക്കുന്നതിെൻറ ബോർഡും പോസ്റ്ററുമൊന്നും എവിടെയുമുണ്ടായിരുന്നില്ല. സൗജന്യ പ്രവേശനമായിട്ടും കാണികളെ ആകർഷിക്കാൻ കഴിഞ്ഞില്ല. കായിക വകുപ്പിലെയും മറ്റും ഉദ്യോഗസ്ഥരും സ്പോർട്സ് കേരള ഫൗണ്ടേഷൻ അധികൃതരുമാണ് കാര്യങ്ങൾ നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.