തുഴ മുറിഞ്ഞവരുടെ കടൽക്കാഴ്ചാ യാത്ര
text_fieldsകോഴിക്കോട്: ഒരുകാലത്ത് ഉയരമുള്ള മരങ്ങളുടെ കൊമ്പിലിരുന്ന് ആകാശനീലിമ കണ്ട രാമൻ വീൽചെയറിലിരുന്ന് കടൽപ്പരപ്പിന് മുകളിലൂടെ അതേ ആകാശം ഒരിക്കൽ കൂടി കണ്ടു. ഓർമകളിൽ ഒരായിരം മരക്കൊമ്പുകൾ ചില്ലകളാട്ടി ഉയർന്നുനിന്നു.
എത്രയോ കാലം കട്ടിലിൽ കിടന്നുറങ്ങാൻ ഭാഗ്യമില്ലാതെ അയൽവീടുകളുടെ പിന്നാമ്പുറങ്ങളിൽ കിടന്നുറങ്ങിയ ആയിഷുമ്മയും ജീവിതത്തിലാദ്യമായി കടൽകണ്ടു. പഴനിമലയിറങ്ങിയപ്പോൾ ജീവിതത്തിന്റെ നിസ്സാരത ബോധ്യമായ ഉദയന് മുന്നിൽ കടൽ ജീവിതംപോലെ അലയടിച്ചുകൊണ്ടിരുന്നു.
ജീവിതത്തിന്റെ പാതിവഴിയിൽ തുഴ മുറിഞ്ഞുപോയ 40 പേർ വയനാടൻ ചുരമിറങ്ങി കോഴിക്കോട്ടെത്തി. പാട്ടും പറച്ചിലും ആഹ്ലാദം പങ്കുവെക്കലുമായി പ്ലാനറ്റേറിയവും കടലും കോഴിക്കോടൻ സായാഹ്നവും കണ്ട് അവർ മടങ്ങി. വയനാട്ടിലെ പിണങ്ങോട് പീസ് വില്ലേജിലെ അന്തേവാസികളാണ് കോഴിക്കോട് കാണാൻ ചുരമിറങ്ങിയത്.
ഇതിൽ ആറുപേർ വീൽചെയർ മാത്രം അവലംബമായവർ. മരത്തിൽനിന്നു വീണ് ചലനശേഷി നഷ്ടമായതാണ് മീനങ്ങാടി പഞ്ചായത്തിലെ ചിറക്കുന്ന് കോളനിയിലെ മരംകയറ്റ തൊഴിലാളിയായ രാമൻ. ഭാര്യ ഉപേക്ഷിച്ചുപോയ 53കാരനായ രാമന് മകൾ മാത്രമായിരുന്നു ആശ്രയം.
ഒടുവിൽ പീസ് വില്ലേജിൽ എത്തിപ്പെടുകയായിരുന്നു. പനമരം പഞ്ചായത്തിലെ കൂളിവയലുകാരിയായ ആയിഷുമ്മയെന്ന 75കാരിക്ക് സഹോദരൻ മാത്രമായിരുന്നു ആശ്രയം. കിടപ്പാടമില്ലാത്ത ആയിഷുമ്മ പ്രദേശത്തെ പല പല വീടുകളുടെ പിന്നാമ്പുറങ്ങളിലായിരുന്നു അന്തിയുറങ്ങിയിരുന്നത്.
ഒരിക്കൽ പോലും കട്ടിലിൽ കിടന്നുറങ്ങാൻ ഭാഗ്യമില്ലാതിരുന്ന ആയിഷുമ്മക്ക് പീസ് വില്ലേജിൽ എത്തിയ ശേഷമാണ് അതിനവസരമുണ്ടായത്. ജീവിതം മടുത്ത് സന്യാസത്തിന് പോയയാളാണ് 76കാരനായ ഉദയൻ. പഴനി മലയിറങ്ങിയപ്പോൾ ഉദയന് തോന്നി ഇക്കാണുന്നതൊന്നുമല്ല ജീവിതമെന്ന്. ആ യാത്ര പിണങ്ങോട് പീസ് വില്ലേജിൽ വന്നുനിന്നു. ഇപ്പോൾ കൃഷിയും അന്തേവാസികൾക്ക് സഹായവും ചെയ്ത് ജീവിതത്തിന് അർഥം കണ്ടെത്തുന്നു.
ഇങ്ങനെ പറഞ്ഞാൽ തീരാത്ത കഥകളും ജീവിതപ്പാടുകളുമുള്ള 63 പേരാണ് പീസ് വില്ലേജിലെ അന്തേവാസികൾ. സങ്കടങ്ങൾ മറന്ന് ആഹ്ലാദം പങ്കുവെക്കാനാണ് അവരിൽ 40 പേരുമായി രണ്ട് ബസുകളിൽ സംഘം കോഴിക്കോട്ടെത്തിയത്. ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ കടൽ കണ്ട സംഘം മരത്തണലിലിരുന്ന് പാട്ടും ആട്ടവുമായി സായാഹ്നം സന്തോഷപൂർണമാക്കി.
കുനിയിൽനിന്നുള്ള കനിവിന്റെയും പിണങ്ങോട് ബെറ്റിന്റെയും വളന്റിയർമാർ എല്ലാ സഹായവുമായി ഒപ്പമുണ്ടായിരുന്നു. കോഓഡിനേറ്റർ ഹാരിസിന്റെ നേതൃത്വത്തിലാണ് സംഘം കോഴിക്കോട്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.