നവവരെൻറ മരണത്തിൽ വിറങ്ങലിച്ച് നാട്: രക്ഷകരായത് മലപ്പുറം സ്വദേശികൾ
text_fieldsപാലേരി: ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീർക്കയത്തിലാക്കിയാണ് കടിയങ്ങാട് കുളക്കണ്ടത്തിൽ പഴുപ്പട്ട രജിലാൽ യാത്രയായത്. 10 വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാസം 14നാണ് പാലേരിയിലെ വി.പി. സുരേഷിന്റെ മകളും നൃത്താധ്യാപികയുമായ കനിഹയെ രജി ലാൽ ജീവിത സഖിയാക്കിയത്. സ്കൂൾകാലത്ത് തുടങ്ങിയ പരിചയം വേർപിരിയാൻ കഴിയാത്ത പ്രണയമായി വളർന്നപ്പോൾ ഇരു വീട്ടുകാരും അവരുടെ ആഗ്രഹത്തിന് എതിരുനിന്നില്ല.
ഇരുവരുടെയും വീടിനു സമീപമുള്ള ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് യാത്ര പോയപ്പോഴാണ് മരണം വില്ലനായി രജി ലാലിനെ തട്ടിയെടുത്തത്. ജാനകിക്കാടിനു സമീപം കുറ്റ്യാടി പുഴയിൽ ചവറം മൂഴിയിൽ ഇറങ്ങിയപ്പോഴാണ് കാൽ വഴുതി പുഴയിൽ പതിച്ചത്. കനിഹയും പുഴയിൽ വീണെങ്കിലും അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. പുഴയുടെ അപകട മേഖലയാണ് ഈ പ്രദേശമെന്ന് നാട്ടുകാർ പറയുന്നു. ഇതിനുമുമ്പും ഈ മേഖലയിൽ അപകടങ്ങളുണ്ടായിട്ടുണ്ട്. ചെമ്പനോടയിൽനിന്ന് ഒഴുകിയെത്തുന്ന മൂത്താട്ട് പുഴയുടെ സംഗമസ്ഥലമായ ഇവിടെ ഒരു ചുഴിയും അടിയൊഴുക്കുമുണ്ട്. ഇത് പുറമെനിന്നെത്തുന്ന ആളുകളുടെ ശ്രദ്ധയിൽപെടാറില്ല. ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രജി ലാൽ നാട്ടിൽ ഉണ്ടാവുന്ന സമയത്ത് സാംസ്കാരിക പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്നു. ഒരുപാട് ആശിച്ച ദാമ്പത്യജീവിതം തുടങ്ങും മുമ്പുതന്നെ വരനെ തട്ടിയെടുത്ത വിധിയുടെ ക്രൂരതയോർത്ത് കണ്ണീർ പൊഴിക്കുകയാണ് ഒരു നാട്.
അപകടമരണമൊഴിയാതെ പുഴ
കുറ്റ്യാടി: സന്ദർശകർ പതിവായി അപകടത്തിൽപെടുന്ന കുറ്റ്യാടിപ്പുഴയിലെ ജാനകിക്കാട് ഭാഗത്ത് വീണ്ടും മുങ്ങിമരണം. തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ കടിയങ്ങാട് കുളക്കണ്ടത്തിൽ പഴുപ്പട്ട രജിലാലിനാണ് ജീവൻ നഷ്ടപ്പെട്ടത്. മരുതോങ്കര, ചക്കിട്ടപാറ പഞ്ചായത്തുകൾ അതിരിടുന്ന പുഴയിൽ ജില്ലയിലെ പലഭാഗത്തുനിന്നും വേനലായാൽ സഞ്ചാരികളെത്തും.
ഇക്കോ ടൂറിസം കേന്ദ്രമുണ്ടെങ്കിലും അത് കാണാൻ നിൽക്കാതെ പുഴയിലെ കുളിയും ഫോട്ടോയെടുക്കലുമാണ് അധികപേർക്കും താൽപര്യം. നാട്ടുകാർക്ക് പുഴയിലെ മരണക്കുഴികൾ അറിയാവുന്നതിനാൽ അപകടത്തിൽപെടാറില്ല. പുറത്തുനിന്ന് വരുന്നവരാണ് കയത്തിൽപെടുക.
ഇക്കോ ടൂറിസം ഭാഗത്ത് ഇറങ്ങി കുളിക്കാൻ സുരക്ഷിതമായ സ്ഥലങ്ങളുണ്ട്. അവിടെ മാത്രമേ അധികൃതർ കുളിക്കാൻ അനുവദിക്കാറുള്ളൂ. എന്നാൽ, ഇവരുടെ ശ്രദ്ധയിൽപെടാതിരിക്കാൻ പുഴക്കക്കരെയാണ് അധികപേരും കുളിക്കാൻ തിരഞ്ഞെടുക്കുക. മഴക്കാലത്തുണ്ടാകുന്നതിനേക്കാൾ വേനലിലാണ്കുറ്റ്യാടിപ്പുഴയിൽ മുങ്ങിമരണങ്ങൾ ഉണ്ടാകാറുള്ളത്.
രക്ഷകരായത് മലപ്പുറം സ്വദേശികൾ
പാലേരി: മലപ്പുറം സ്വദേശികളായ റിയാസ്, ഖാദർ, അഷ്റഫ് എന്നിവരുടെ അവസരോചിത ഇടപെടലിൽ നവവധുവിന് പുതുജീവൻ.ദമ്പതികളായ രജി ലാലും കനിഹയും പുഴയിൽ മുങ്ങിത്താഴുമ്പോൾ കുറുങ്ങാട്ടിൽ റിയാസ് (22) ടിപ്പർ ലോറി ഓടിച്ചുവരുകയായിരുന്നു.
പുഴയോരത്തുനിന്നുള്ള നിലവിളി കേട്ട റിയാസ് ലോറി നിർത്തി ഓടി പുഴയിൽ ചാടി കനിഹയെ രക്ഷപ്പെടുത്തി.അപ്പോഴേക്കും ഖാദറും അഷ്റഫും സഹായത്തിനെത്തി. കൂവപ്പൊയിൽ-ചവറം മൂഴി റോഡ് പ്രവൃത്തി നടത്തുന്ന തൊഴിലാളികളാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.