മുണ്ടശ്ശേരി സ്കോളർഷിപ്പിന് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്; ആശയക്കുഴപ്പം, വിദ്യാർഥികളെ വട്ടം കറക്കുന്നു
text_fieldsകോഴിക്കോട്: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിലെ ആശയക്കുഴപ്പം കുട്ടികളെ വലക്കുന്നു. ചില സ്കൂളുകൾ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതും ഭൂരിഭാഗം സ്കൂളുകളും ആവശ്യപ്പെടാത്തതുമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നത്.
ഔദ്യോഗിക നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നേറ്റിവിറ്റി, കമ്യൂണിറ്റി എന്നിവ തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കാമെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ട്. അതിനാൽ കേന്ദ്രസർക്കാർ സ്കോളർഷിപ്പുകൾക്ക് മാത്രമാണ് നേറ്റിവിറ്റി, കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടിവരാറുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ സ്കോളർഷിപ്പിനും നേറ്റിവിറ്റി, കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നിർബന്ധമായി ആവശ്യപ്പെടുകയാണ്.
എന്നാൽ, ഭൂരിഭാഗം സ്കൂളുകളും നേരത്തെയുള്ള സർക്കാർ ഉത്തരവ് പ്രകാരം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് രേഖയായി പരിഗണിച്ച് ഓൺലൈനായി ജനനസ്ഥലം രേഖപ്പെടുത്തുകയാണ്. കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് സ്കൂളിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമായി ആവശ്യപ്പെട്ടതായി രക്ഷിതാക്കൾ പറഞ്ഞു. സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനത്തിൽ നേറ്റിവിറ്റി, കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നുണ്ടെന്നും ന്യൂനപക്ഷ വകുപ്പുമായി ഫോണിലും വാട്സ്ആപ്പിലും ബന്ധപ്പെട്ടപ്പോൾ അപേക്ഷ വെരിഫൈ ചെയ്യുന്നതിന് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശമാണ് ലഭിച്ചതെന്നും സെന്റ് ജോസഫ്സ് സ്കൂൾ അധികൃതർ പറഞ്ഞു.
നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക് അർഹതപ്പെട്ട ആനുകൂല്യം നഷ്ടപ്പെടരുതെന്ന് കരുതിയാണ് സർട്ടിഫിക്കറ്റ് വാങ്ങിയതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
സ്കോളർഷിപ് അപേക്ഷതീയതി 20ന് അവസാനിച്ചു. ലഭിച്ച അപേക്ഷകൾ പരിശോധിച്ചതിന് ശേഷമാണ് സ്കോളർഷിപ് നൽകുക. സ്കൂൾ അധികൃതർക്കിടയിൽ രണ്ടഭിപ്രായം ഉയരുകയും ന്യൂനപക്ഷ വകുപ്പ് നിലപാട് ആവർത്തിക്കുകയും ചെയ്യുമ്പോൾ, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കാതെ അപേക്ഷിച്ച വിദ്യാർഥികൾക്ക് ആനുകൂല്യം നഷ്ടപ്പെടുമോയെന്ന ആശങ്കയുയർന്നിട്ടുണ്ട്. മാത്രമല്ല വില്ലേജ് ഓഫിസുകളിൽ ഇത് ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതും പ്രതിസന്ധിക്കിടയാക്കുന്നു.
കേരളത്തിൽ സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുന്നത്. എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയവർക്ക് 10,000 രൂപയും ബിരുദതലത്തിൽ 80 ശതമാനം മാർക്കോ ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന വിദ്യാർഥികൾക്ക് 15,000 രൂപയുമാണ് സ്കോളർഷിപ് അനുവദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.