നവകേരള സദസ്: കോഴിക്കോട് ജില്ലയിൽ ലഭിച്ചത് 45,897 നിവേദനങ്ങൾ
text_fieldsകോഴിക്കോട്: ജില്ലയിൽ നവകേരള സദസ്സ് നടന്ന നിയോജക മണ്ഡലങ്ങളിലെ സമ്മേളന നഗരിക്ക് സമീപം ഒരുക്കിയ കൗണ്ടറുകളിൽ ലഭിച്ചത് 45,897 നിവേദനങ്ങൾ. ഓരോ സ്ഥലത്തും 20 വീതം കൗണ്ടറുകളും നൂറിലേറെ ജീവനക്കാരെയുമാണ് പരാതിയും നിവേദനവും നമ്പറിട്ട് സ്വീകരിക്കുന്നതിനായി നിയോഗിച്ചിരുന്നത്. നാദാപുരം -3985, കുറ്റ്യാടി -3963, പേരാമ്പ്ര -4316, വടകര -2588, കൊയിലാണ്ടി -3588, ബാലുശ്ശേരി -5461, എലത്തൂർ -3224, കോഴിക്കോട് നോർത്ത് -2258, കോഴിക്കോട് സൗത്ത് -1517, തിരുവമ്പാടി -3827, കൊടുവള്ളി -3600, കുന്ദമംഗലം -4171, ബേപ്പൂർ -3399 എന്നിങ്ങനെയാണ് നിവേദനവും പരാതിയും ലഭിച്ചത്. ക്ഷേമ പെൻഷൻ, ലൈഫ് പദ്ധതിയിൽ വീട്, വീടിന്റെ ജപ്തി ഒഴിവാക്കി കിട്ടൽ തുടങ്ങിയവക്കു പുറമെ റോഡ്, തോട്, പാലം, സ്ട്രീറ്റ് ലൈറ്റ്, കുടിവെള്ളം തുടങ്ങിയ വികസന പ്രശ്നങ്ങളുമാണ് കൗണ്ടറുകളിൽ ഏറെയും ലഭിച്ചത്.
പരാതികളിലും നിവേദനങ്ങളിലും സമയബന്ധിതമായി തീർപ്പുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ മതി. പരാതികളിൽ രണ്ടാഴ്ചക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി നാലാഴ്ചക്കുള്ളിലും ജില്ലതല ഉദ്യോഗസ്ഥർ തീരുമാനമെടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ല ഓഫിസർമാർ വകുപ്പുതല മേധാവി മുഖേന റിപ്പോർട്ട് സമർപ്പിക്കും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.