നവകേരള ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവിസ് ആരംഭിച്ചു
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി നവകേരള യാത്ര നടത്തിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വിസ് ആരംഭിച്ചു. ആദ്യ ട്രിപ്പിൽ തന്നെ കല്ലുകടിയായി ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുൻഭാഗത്തെ വാതിൽ കേടായി.
കോഴിക്കോട് സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് കുന്ദമംഗലം എത്തുന്നതിനു മുമ്പുതന്നെ ഓട്ടോമാറ്റിക് വാതിൽ തനിയെ തുറന്നുവരുകയായിരുന്നു. ഡ്രൈവർ ഏറെ ശ്രമിച്ചെങ്കിലും പൂർവസ്ഥിതിയിലായില്ല. തുടർന്ന് വാതിൽ വലിച്ചടച്ച് കെട്ടിവെച്ചാണ് യാത്ര തുടർന്നത്.
യാത്രക്കാരിൽ ഒരാൾ അബദ്ധത്തിൽ ഓട്ടോമാറ്റിക് ഡോറിന്റെ സ്വിച്ച് അമർത്തിയതാണ് പ്രശ്നത്തിനിടയാക്കിയതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. ഇതോടെ വാതിൽ ഓട്ടോമാറ്റിക്കിൽനിന്ന് മാന്വൽ സംവിധാനത്തിലേക്ക് മാറി. പരിചയക്കുറവുള്ള ജീവനക്കാര്‍ക്ക് ഇത് റീസെറ്റ് ചെയ്യാനായില്ല.
താൽക്കാലികമായി കെട്ടിവെച്ച വാതിൽ ചുരത്തിലെത്തിയപ്പോൾ വീണ്ടും തുറന്നുപോയി. പിന്നീട് യാത്രക്കാരന്റെ ബാഗിന്റെ റിബൺ വലിച്ചെടുത്ത് കെട്ടി യാത്ര തുടരുകയായിരുന്നു.
സുൽത്താൻ ബത്തേരി ഡിപ്പോയിൽ എത്തിയശേഷം ഡോറിന്റെ ഇംപള്‍സ് വാല്‍വ് റീസെറ്റ് ചെയ്തതോടെ പ്രശ്നം പരിഹരിച്ച് യാത്ര തുടർന്നു. ഷെഡ്യൂൾ ചെയ്തതിൽനിന്ന് 25 മിനിറ്റ് വൈകി 4.30ന് കോഴിക്കോട് സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട ബസ് ഹൈഡ്രോളിക് ലിഫ്റ്റ് ശരിയാക്കാനായി അരമണിക്കൂറോളം സുൽത്താൻ ബത്തേരിയിലും കാത്തുനിൽക്കേണ്ടിവന്നു. റോഡിലെ തിരക്കുകൂടിയായതോടെ 11.35ന് ബംഗളൂരുവിൽ എത്തേണ്ട ബസ് രണ്ടുമണിക്കൂറോളം വൈകിയാണ് ആദ്യ യാത്ര പൂർത്തിയാക്കിയത്.
സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. 26 സീറ്റിലും ആളുകളുമായാണ് ബസ് കോഴിക്കോടുനിന്ന് പുറപ്പെട്ടത്. ബംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി എ.സി ബസ് കുറവായതിനാൽ ഇത്തരം സർവിസ് ഏറെ സഹായകമാവുമെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു. തിരികെ കോഴിക്കോട്ടേക്കുള്ള യാത്രയിലും എല്ലാ സീറ്റിലും ആളുകളുമായാണ് യാത്ര പുറപ്പെട്ടത്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്ബേസിൻ എന്നിവ ബസിലുള്ളതാണ് യാത്രക്കാരെ ആകർഷിക്കുന്നത്.
നവകേരള ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. ഫുട് ബോർഡ് ഉപയോഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാൻ ഹൈഡ്രോളിക് ലിഫ്റ്റ് സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.