കോഴിക്കോട് ജില്ലയിൽ നവകേരള സദസ്സിന് നാളെ തുടക്കം
text_fieldsകോഴിക്കോട്: ജില്ലയിൽ നവകേരള സദസ്സിന് നാളെ തുടക്കമാകും. ഇതിനായി 13 നിയമസഭ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. 24 മുതല്‍ 26 വരെ മൂന്ന് ദിവസങ്ങളിലായാണ് ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നവകേരള നിർമിതിയുടെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുക. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് മണ്ഡലങ്ങളില്‍ ഒരുക്കിയത്.
24 വെള്ളിയാഴ്ച രാവിലെ വടകര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തോടെ ജില്ലയിലെ പരിപാടികള്‍ തുടങ്ങും. ഒമ്പത് മണിക്ക് നടക്കുന്ന പ്രഭാതയോഗത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന് സംവദിക്കും.
11 മണിക്ക് നാദാപുരം മണ്ഡലം നവകേരള സദസ്സ് കല്ലാച്ചി മാരാംവീട്ടില്‍ ഗ്രൗണ്ടിലും വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്ര മണ്ഡല സദസ്സ് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും നടക്കും. കുറ്റ്യാടി മണ്ഡലംതല നവകേരള സദസ്സ് വൈകീട്ട് 4.30ന് മേമുണ്ട ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലേത് വൈകീട്ട് ആറിന് വടകര നാരായണ നഗര്‍ ഗ്രൗണ്ടിലുമാണ് നടക്കുക.
നവംബര്‍ 25ന് രാവിലെ ഒമ്പത് മണിക്ക് എരഞ്ഞിപ്പാലം ട്രിപ്പന്റ ഹോട്ടലില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, എലത്തൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് കൊയിലാണ്ടി മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലും ബാലുശ്ശേരിയിലേത് വൈകീട്ട് മൂന്നിന് ബാലുശ്ശേരി ഗവ. വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിലും എലത്തൂര്‍ മണ്ഡലത്തിലേത് വൈകീട്ട് 4.30ന് നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും നടക്കും.
കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ് വൈകീട്ട് ആറിന് കോഴിക്കോട് ഫ്രീഡം സ്ക്വയറില്‍ ഒരുമിച്ചാണ് നടക്കുക. 26ന് രാവിലെ ഒമ്പത് മണിക്ക് താമരശ്ശേരി അണ്ടോണ മോയിന്‍കുട്ടി മെമ്മോറിയല്‍ ഓഡിറ്റോറിയത്തിലാണ് പ്രഭാതയോഗം. തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ പങ്കെടുക്കും.
തുടര്‍ന്ന് തിരുവമ്പാടി മണ്ഡലംതല നവകേരള സദസ്സ് 11 മണിക്ക് മുക്കം ഓര്‍ഫനേജ് ഒ.എസ്.എ ഓഡിറ്റോറിയത്തിലും കൊടുവള്ളിയിലേത് വൈകീട്ട് മൂന്നിന് കൊടുവള്ളി കെ.എം.ഒ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും കുന്ദമംഗലം മണ്ഡലത്തിലേത് 4.30ന് കുന്ദമംഗലം ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഗ്രൗണ്ടിലും ബേപ്പൂര്‍ മണ്ഡലത്തിലേത് വൈകീട്ട് ആറിന് ഫറോക്ക് നല്ലൂര് ഇ.കെ നായനാര്‍ മിനി സ്റ്റേഡിയത്തിലും നടക്കും.
വേദികളില്‍ പരിപാടിയുടെ രണ്ടു മണിക്കൂര്‍ മുമ്പ് വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഓരോ മണ്ഡലത്തിലും പൊതുജനങ്ങളില്‍നിന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടർ സംവിധാനം ഒരുക്കിയിട്ടുണ്ട്. . നവകേരള സദസ്സുകളില്‍ പൊതുജനങ്ങള്‍ക്കു പുറമെ, മണ്ഡലത്തിലെ സ്വാതന്ത്ര്യസമര സേനാനികള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, തെരഞ്ഞെടുക്കപ്പെട്ട മഹിള, യുവജന, കോളജ് യൂനിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായെത്തും.
ഒരുക്കം വിലയിരുത്തി കലക്ടർ
കോഴിക്കോട്: ജില്ലയിലെ നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ വിലയിരുത്തി കലക്ടർ സ്നേഹിൽ കുമാർ സിങ്. വേദികളിൽ നേരിട്ടെത്തിയാണ് കലക്ടർ ഒരുക്കം വിലയിരുത്തിയത്. കൊയിലാണ്ടി മണ്ഡലത്തിന്റെ വേദിയായ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെത്തിയ കലക്ടർ പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയ സജ്ജീകരണങ്ങൾ, സുരക്ഷാ സംവിധാനം, പാർക്കിങ് സൗകര്യം, നിവേദന കൗണ്ടർ തുടങ്ങിയ സജ്ജീകരണങ്ങൾ വിലയിരുത്തി.
എം.എൽ.എ കാനത്തിൽ ജമീല, നഗരസഭ ഭാരവാഹികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് വടകരയിലെത്തിയ കലക്ടർ പ്രഭാതയോഗം നടക്കുന്ന വടകര നാരായണ നഗരം ഇൻഡോർ സ്റ്റേഡിയവും നവകേരള സദസ്സ് നടക്കുന്ന മൈതാനവും സന്ദർശിച്ചു.
വടകര നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു, ഡി.എസ്.പി ഹരിപ്രസാദ്, നോഡൽ ഓഫിസർ പി. രാജീവൻ തുടങ്ങിയവർ വടകരയിൽ ഏർപ്പെടുത്തിയ സംവിധാനങ്ങളും സജ്ജീകരണവും കലക്ടർക്ക് വിശദീകരിച്ച് കൊടുത്തു. തുടർന്ന് കുറ്റ്യാടി മണ്ഡലം സദസ്സ് നടക്കുന്ന മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലും നാദാപുരം മണ്ഡലം സദസ്സ് നടക്കുന്ന കല്ലാച്ചി മാരാംവീട്ടില്‍ ഗ്രൗണ്ടിലും പേരാമ്പ്ര മണ്ഡലം സദസ്സ് നടക്കുന്ന പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
നവകേരള സദസ്സിലേക്ക് സ്കൂൾ വിദ്യാർഥികളും
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ നിയോജക മണ്ഡലം പരിപാടികളിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ നിർദേശം. ഞായറാഴ്ച നടക്കുന്ന കൊടുവള്ളി നിയോജക മണ്ഡലം നവകേരള സദസ്സിൽ വളന്റിയർമാരായി സേവനം ചെയ്യാൻ നൂറ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കാഡറ്റിനെയാണ് രംഗത്തിറക്കുന്നത്.
നാല് നോഡൽ ടീച്ചർമാരും ഇവർക്കൊപ്പമുണ്ടാകും. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കാഡറ്റുകളെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ല വിദ്യാഭ്യാസ ഓഫിസർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ജില്ല സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. മാത്രമല്ല എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ, ചക്കാലക്കൽ എച്ച്.എസ്.എസ്, സെന്റ് മേരീസ് എച്ച്.എസ്.എസ് കൂടത്തായ്.
കൊടുവള്ളി ജി.എച്ച്.എസ്.എസ്, പന്നൂർ ജി.എച്ച്.എസ്.എസ്, താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് തുടങ്ങി വിവിധ സ്കൂകളുകളിലെ എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് ചുമതലയുള്ള അധ്യാപകരുടെ യോഗവും കഴിഞ്ഞദിവസം വിദ്യാഭ്യാസ ഓഫിസർ വിളിച്ചിരുന്നു. മറ്റുചില നിയോജക മണ്ഡലങ്ങളിലും സമാന മാതൃകയിലുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. അതേസമയംകുട്ടികളെ കൊണ്ടുപോകുന്ന സ്കൂൾ അധികൃതരെ തടയുമെന്ന് എം.എസ്.എഫ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.