ദുരന്തങ്ങൾക്കായി കാത്തുനിൽക്കരുത്; വേണം നഗര പരിധിയിൽ നാല് ഫയർ സ്റ്റേഷൻകൂടി
text_fieldsകോഴിക്കോട്: നഗരത്തിൽ നാല് പുതിയ ഫയർ സ്റ്റേഷനുകൾ കൂടി ആരംഭിക്കണമെന്ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം. പുതിയാപ്പ, മെഡിക്കൽ കോളജ്, കാരപ്പറമ്പ്, ബേപ്പൂർ എന്നിവിടങ്ങളിൽ ഫയർ സ്റ്റേഷനുകൾക്ക് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ല ഫയർ ഓഫിസറാണ് കോർപറേഷന് അപേക്ഷ നൽകിയത്. ഇപ്പോഴുള്ള മൂന്ന് സ്റ്റേഷനുകൾക്ക് പുറമെയാണിത്.
ഇതിൽ മെഡിക്കൽ കോളജ് ഫയർ സ്റ്റേഷനിൽ ഹെലികോപ്റ്റർ മെഡിവേ ടീമിനെ സജ്ജമാക്കിയാൽ അത്യാവശ്യഘട്ടത്തിൽ രോഗികളെ പെട്ടെന്ന് എത്തിക്കാനും നഗരത്തിലെ ഉയർന്ന കെട്ടിടങ്ങളിൽ രക്ഷാ പ്രവർത്തനം നടത്താനും ഉപകരിക്കുമെന്നും അപേക്ഷയിലുണ്ട്. ടൂറിസം മേഖലയിൽ ഹെലികോപ്റ്റർ വഴി ആദായമുണ്ടാക്കാനുമാവും.
ദേശീയപാത ആറുവരിപ്പാതയായതും നഗരത്തിൽ 30 നിലവരെയുള്ള കെട്ടിടങ്ങളുയർന്നതും ദേശീയപാതയിൽ രാസവസ്തുക്കളുടെയടക്കം ഗതാഗതം വർധിച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. 270 ഏക്കറോളമുള്ള മെഡിക്കൽ കോളജ് വളപ്പിലും അതിനോടുചേർന്ന നിരവധി കെട്ടിടങ്ങളിലും രക്ഷാപ്രവർത്തനം നടത്താൻ തൊട്ടടുത്ത് ഫയർ സ്റ്റേഷൻ വേണം. മാവൂർ, കുന്ദമംഗലം, കോഴിക്കോട് ഭാഗത്തേക്കുള്ള നിരവധിവാഹനങ്ങൾ നിരന്തരം അപകടത്തിൽ പെടുന്ന മേഖല കൂടിയാണിത്.
നഗര ഹൃദയത്തിൽ നിന്ന് എട്ട് കിലോമീറ്ററോളം അകലത്തിലുള്ള പുതിയാപ്പയോട് ചേർന്ന് വലിയ കെട്ടിടങ്ങളും ഹാർബറും മറ്റുമുണ്ട്. ചെറിയ വ്യവസായ കേന്ദ്രങ്ങളും നിരവധിയുണ്ട്. നഗരത്തിലുണ്ടാവുന്ന വലിയ തീപിടിത്തങ്ങളിൽ തീരദേശം വഴി രക്ഷാപ്രവർത്തനം നടത്താൻ പുതിയാപ്പ സ്റ്റേഷൻ ഉപകരിക്കും. നഗര ഹൃദയത്തിൽനിന്ന് ആറ് കിലോമീറ്ററോളം അകലമുള്ള കാരപ്പറമ്പിൽ ബഹുനില കെട്ടിടങ്ങൾ കൂടുതലുണ്ട്. അതിവേഗം വികസനം നടക്കുന്ന മേഖലകൂടിയാണിത്.
വലിയ ടൂറിസ്റ്റ് കേന്ദ്രമാവുന്ന ബേപ്പൂരിൽ ജങ്കാർ സർവിസുമുണ്ട്. ഹാർബറിലേക്കടക്കം നിരവധി പേരെത്തുന്ന ബേപ്പൂരിലും ഫയർ സ്റ്റേഷൻ അത്യാവശ്യമാണ്. ദേശീയപാതകൾ സംഗമിക്കുന്ന നിസരി ജങ്ഷൻ സ്ഥിരം അപകടകേന്ദ്രം കൂടിയാണെന്നും ജില്ല ഫയർ ഓഫിസർ കെ.എം. അഷ്റഫലി നൽകിയ അപേക്ഷയിൽ പറയുന്നു. നിലവിൽ നഗരത്തിൽ ബീച്ചിലും മീഞ്ചന്തയിലും വെള്ളിമാട് കുന്നിലുമാണ് സ്റ്റേഷനുകളുള്ളത്. ബീച്ചിൽ കെട്ടിടം പുതുക്കിപ്പണിയുന്നതിനാൽ ഒരു യൂനിറ്റ് മാത്രം ബാക്കി വച്ച് ജീവനക്കാരെ മറ്റു സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.