കടലിലെ രക്ഷകർക്ക് അവഗണന; കപ്പൽ ഇന്നും തീരസംരക്ഷണസേനക്ക് സ്വപ്നം
text_fieldsകടലുണ്ടി: ആഴക്കടലിൽ അകപ്പെട്ടാൽ മീൻപിടിത്തക്കാരെ രക്ഷിക്കാൻ കുതിച്ചെത്തേണ്ട തീരസംരക്ഷണ സേനക്ക് കിതപ്പ്. കപ്പൽ വേണ്ട സ്ഥാനത്ത് ബോട്ട് മാത്രം. ആഴക്കടൽ രക്ഷാദൗത്യത്തിന് വേണ്ട കാലാനുസൃത സംവിധാനങ്ങളും കുറവ്. മലബാറിലെ മീൻപിടിത്തക്കാരുടെ ജീവൻ തീരസംരക്ഷണ സേനയുടെ കൈയിലാണ്. സേനാംഗങ്ങൾ എല്ലാവരും മിടുക്കർ. അനേകരുടെ ജീവൻ രക്ഷിച്ചവരാണിവർ. കടലിൽ പട്രോളിങ് നടത്താനായുള്ള ചെറിയ ഒരു ബോട്ട് മാത്രമാണ് ബേപ്പൂരിലുള്ളത്.
ചാവക്കാട്, തിരൂർ, കൂട്ടായി, പൊന്നാനി, താനൂർ, ബേപ്പൂർ, ചാലിയം, പയ്യോളി, തലശ്ശേരി തുടങ്ങി കാസർകോട് വരെ പരന്നുകിടക്കുന്ന മേഖലകളിലായി ആയിരക്കണക്കിന് തൊഴിലാളികൾ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കടലിനെ ആശ്രയിച്ചുകഴിയുന്നവരാണ്. മൺസൂൺകാലത്ത് നാടൻ വള്ളങ്ങളിലാണ് പുറംകടലിൽ മത്സ്യബന്ധനം.
കാലാവസ്ഥ അനുകൂലമാവുന്ന വേളയിലാവും കടലിലേക്ക് പുറപ്പെടുക. പ്രതീക്ഷിച്ചപോലെ മത്സ്യം ലഭിച്ചില്ലെങ്കിൽ രണ്ടു ദിവസത്തിൽ കൂടുതൽ ചിലപ്പോൾ കടലിൽ നിലയുറപ്പിക്കേണ്ടതായി വരും. അപ്പോഴാവും കാലാവസ്ഥയിൽ മാറ്റംവരുക.
തിരമാലകളിൽപെട്ട് എങ്ങോട്ടും തിരിയാൻ കഴിയാതെ ഒരാഴ്ച കടലിൽ തങ്ങേണ്ട സ്ഥിതി അഞ്ച് തൊഴിലാളികൾക്ക് നേരിടേണ്ടിവന്നു. ചാലിയത്തുനിന്ന് ഒമ്പത് നോട്ടിക്കൽ പടിഞ്ഞാറു ഭാഗത്തായി നങ്കൂരമിട്ട വള്ളത്തെയും തൊഴിലാളികളെയും രക്ഷപ്പെടുത്താൻ കൊച്ചിയിലെ നാവിക ആസ്ഥാനത്തുനിന്ന് കപ്പൽ എത്തേണ്ടിവന്നു. വയർലെസ് വഴി ബന്ധപ്പെട്ട അധികൃതർക്ക് വള്ളം നങ്കൂരമിട്ടിരിക്കുന്നത് അതി ഗുരുതര ഭാഗത്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
അറബിക്കടലിന്റെ അതി ഗുരുതര മേഖലയിലാണ് ആഴക്കടൽ മത്സ്യബന്ധനം. അതുകൊണ്ടുതന്നെ മലബാർ മേഖലയിൽ സ്ഥിതിചെയ്യുന്ന ബേപ്പൂരിലേക്ക് മൺസൂൺ കാലങ്ങളിലെങ്കിലും കപ്പൽ അനുവദിക്കണമെന്ന ആവശ്യത്തിന് ഏറെ പ്രാധാന്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.