പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ; ഓവുചാലിൽ വീണ് യുവാവിന് പരിക്ക്
text_fieldsനാദാപുരം: കല്ലാച്ചിയിൽ അപകടക്കെണിയുമായി പൊതുമരാമത്ത് വകുപ്പിന്റെ ഓവുചാൽ നിർമാണം. റോഡ് നവീകരണത്തിന്റെ ഭാഗമായി തുറന്നിട്ട ഓവുചാലിൽ വീണ യുവാവിന് സാരമായ പരിക്കേറ്റു. കല്ലാച്ചിയിലെ മീത്തലെ പെരുവണ്ണൂർ നൗഫലിനാണ് (40) പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ പരിസരത്തുകൂടി നടക്കുമ്പോൾ തുറന്നിട്ട ഓവുചാലിൽ വീഴുകയായിരുന്നു. വീഴ്ചയിൽ ഇടതു കൈക്കും വാരിയെല്ലിനും പരിക്കേറ്റ ഇയാളെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്ലാച്ചി ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി കല്ലാച്ചി- വാണിയൂർ റോഡിൽ നേരത്തേയുള്ള ഓവുചാൽ വിപുലീകരണ പ്രവർത്തനം ആരംഭിച്ചിട്ട് മാസങ്ങളായി. തിരക്കേറിയ റോഡിൽ തുറന്നിട്ടിരിക്കുന്ന ഓവുചാൽ കാൽനടക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്. നിർമാണത്തിന്റെ ഭാഗമായി അഴുക്കുചാലിൽനിന്ന് നീക്കിയ മണ്ണും മറ്റും റോഡ് സൈഡിൽ തന്നെ കൂട്ടിയിട്ട നിലയിലാണുള്ളത്. ഇവ നീക്കം ചെയ്യാൻ നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്ഥലത്തുതന്നെ കിടക്കുകയാണ്. ഇതിനു പുറമെയാണ് കല്ലാച്ചി സംസ്ഥാന പാതയിൽ പെട്രോൾ പമ്പിനു സമീപവും ഓവുചാൽ കാൽനടക്കാർക്ക് ഭീഷണിയായത്. പുതിയ ഓവുചാൽ നിർമാണത്തിനു വേണ്ടിയാണ് പഴയ ഓവുചാലിലെ സ്ലാബുകൾ മാറ്റിയത്. എന്നാൽ, ഓവുചാൽ നിർമാണം പൂർത്തിയാക്കി കരാറുകാർ സ്ഥലംവിട്ടിട്ടും സ്ലാബില്ലാത്ത വാരിക്കുഴി അപകട ഭീഷണി ഉയർത്തുകയാണ്. ഇവിടെയും പലരും കുഴിയിൽ വീണ് അപകടത്തിൽപെട്ടതായി നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.