ഐ.സി.യു ആവശ്യമുള്ള കുരുന്നുകൾക്ക് 'നിയോക്രാഡിലി'ന് ഇന്നു തുടക്കം
text_fieldsകോഴിക്കോട്: നവജാത ശിശുക്കളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ നടപ്പാക്കുന്ന നിയോക്രാഡിൽ പദ്ധതിക്ക് ബുധനാഴ്ച തുടക്കം. ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും നാഷനൽ നിയോനേറ്റൽ ഫോറത്തിെൻറയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഐ.സി.യു ചികിത്സ ആവശ്യമുള്ള കുരുന്നുകൾക്കായാണ് നടപ്പാക്കുന്നത്. നവജാത ശിശുക്കളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ശരീരോഷ്മാവ് കുറയുന്ന അവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്ന അവസ്ഥ, ഓക്സിജന്‍ കുറയുന്ന അവസ്ഥ എന്നീ പ്രശ്നങ്ങൾ നേരിടുന്ന കുഞ്ഞുങ്ങൾക്ക് പദ്ധതി ആശ്വാസമാകും.
ഐ.സി.യു ചികിത്സ ആവശ്യമുള്ള ഈ കുഞ്ഞുങ്ങളെ പ്രത്യേകം സജ്ജീകരിച്ച ഐ.സി.യു ആംബുലന്‍സില്‍ ജില്ലയിലെ ടേര്‍ഷ്യറി കെയര്‍ ആശുപത്രിയില്‍ എത്തിച്ച് മികച്ച പരിചരണം ഉറപ്പാക്കുന്ന പദ്ധതിയാണിത്. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലെയും സംവിധാനങ്ങള്‍ ബന്ധിപ്പിക്കാന്‍ www.neocradle.kerala.gov.in എന്ന വെബ്സൈറ്റ് നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററർ തയാറാക്കിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ ആശുപത്രികളിലേയും ഐ.സി.യു കിടക്കകളുടെ ഒഴിവുകള്‍ അറിയാനും കുരുന്നുകളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതിനു മുമ്പ് ടെലികാളിങ് സംവിധാനത്തിലൂടെ സംഭാഷണം നടത്താനും സജ്ജീകരണങ്ങള്‍ ഉറപ്പ് വരുത്താനും സാധിക്കും. കോഴിക്കോട് ജില്ല ദേശീയ ആരോഗ്യ ദൗത്യത്തിനാണ് നടത്തിപ്പ് ചുമതല. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ നിള ഓഡിറ്റോറിയത്തിൽ ബുധനാഴ്ച രാവിലെ 11ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയോക്രാഡിൽ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.