കൊച്ചിയിൽനിന്ന് പുതുജങ്കാർ ചാലിയത്തേക്ക്; അനുമതി തേടും
text_fieldsകടലുണ്ടി: ചാലിയം കടവിൽ ജങ്കാർ സർവിസ് പുനഃസ്ഥാപിക്കാൻ ബദൽ സംവിധാനം ആലോചനയിൽ. സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി തുറമുഖ വകുപ്പ് സർവിസ് നിരോധിച്ച പശ്ചാത്തലത്തിൽ മറ്റൊരു ജങ്കാർ ചാലിയാറിൽ ഇറക്കാൻ അനുമതി തേടി കരാറുകാർ ബേപ്പൂർ പോർട്ട് ഓഫിസറെ കാണും. കൊച്ചിൻ സർവിസ് ഉടമകൾ ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊള്ളാൻ രണ്ടു ദിവസത്തിനകം ബേപ്പൂരിലെത്തും.
കൊച്ചിയിൽനിന്ന് ഇവരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ജങ്കാർ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. യന്ത്രവത്കൃത യാനങ്ങൾക്ക് കടലിൽ ഏർപ്പെടുത്തിയ വിലക്ക് ആഗസ്റ്റ് 15നാണ് അവസാനിക്കുന്നത്. അതിനാൽ കൊച്ചിയിൽനിന്ന് ജങ്കാർ ചാലിയം കടവിൽ എത്തണമെങ്കിൽ വലിയ കടമ്പ കടക്കണം.
ബേപ്പൂർ, കൊച്ചി തുറമുഖ വകുപ്പും കടലിൽ 24 മണിക്കൂറും തമ്പടിക്കുന്ന കോസ്റ്റ് ഗാർഡും കനിയണം. ഇന്നത്തെ സാഹചര്യത്തിൽ ഏതുസമയവും കടൽ പ്രക്ഷുബ്ദമാകാമെന്നതിനാൽ ഈ വകുപ്പുകളുടെ അനുമതി ലഭിക്കുക പ്രയാസകരമാവുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പോർട്ട് ഓഫിസറെ കണ്ടതിനുശേഷമേ പിടിച്ചിട്ട ജങ്കാർ അറ്റകുറ്റപ്പണി തുടങ്ങൂവെന്നാണ് അറിയുന്നത്.
അങ്ങനെയാണെങ്കിൽ മൂന്നുദിവസം രാവും പകലുമെടുത്ത് ഗതാഗതയോഗ്യമാക്കാനാണ് ഉദ്ദേശ്യം. ഹാർബർ ക്രാഫ്റ്റ് റൂൾസ് ലൈസൻസിനുള്ള ഫിറ്റ്നസ് ഇല്ലാത്തതിനാലാണ് ജങ്കാർ നിരോധിക്കാൻ തുറമുഖ വകുപ്പ് തയാറായത്. എന്നാൽ, താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ തീരദേശങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ രേഖകളെല്ലാമുണ്ടെന്ന് ബോധ്യപ്പെടുകയും ജങ്കാർ സർവിസിന് അധികൃതർ പച്ചക്കൊടി കാണിക്കുകയുമായിരുന്നു.
പെട്ടെന്ന് ഫിറ്റ്നസ് ഇല്ലെന്ന് പറഞ്ഞതിന്റെ കാരണവും വ്യക്തമല്ല. അതേസമയം, കരാറുകാരുടെ യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചതായി കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ അറിയിച്ചു. സർവിസിന് നിരോധനമേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരറിയിപ്പും തുറമുഖ വകുപ്പിൽനിന്ന് ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.